സലാലയില്‍നിന്നുള്ള എയർ ഇന്ത്യ സര്‍വിസുകള്‍ വെട്ടിക്കുറച്ചു; പ്രതിഷേധം ശക്തം
text_fieldsഎയര്‍ ഇന്ത്യ എക്സ്പ്രസ് സലാലയില്‍നിന്ന് കേരളത്തിലേക്കുള്ള സര്‍വിസുകള്‍ വെട്ടിക്കുറച്ചതിനെതിരെ വിവിധ സംഘടനാഭാരവാഹികള്‍ ഒത്തുചേര്‍ന്നപ്പോള്‍
സലാല: സ്കൂള്‍ അവധിക്കാലം ആരംഭിക്കാനിരിക്കെ സലാലയില്‍നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ സര്‍വിസുകള്‍ വെട്ടിക്കുറച്ചതിനെതിരെ പ്രവാസികളുടെ പ്രതിഷേധം ശക്തമാവുന്നു. കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സര്‍വിസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചകള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയത്. നിലവില്‍ കൊച്ചിക്കും കോഴിക്കോടിനും ആഴ്ചയില്‍ ഒരു സര്‍വിസ് മാത്രമാണുള്ളത്. കോവിഡിന് മുമ്പ് കൊച്ചി വഴി തിരുവനന്തപുരത്തിനും കോഴിക്കോട്ടേക്ക് നേരിട്ടും തിരിച്ചും സര്‍വിസുകള്‍ ഉണ്ടായിരുന്നു. കോവിഡിന് ശേഷം കണ്ണൂര്‍ വഴി കൊച്ചിക്കും കോഴിക്കോട് വഴി തിരുവനന്തപുരത്തിനും സര്‍വിസ് ഉണ്ടായിരുന്നതാണ്.
നിറയെ യാത്രക്കാരുമായി സര്‍വിസ് നടത്തിയിരുന്നതാണ് ഇവയെല്ലാമെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൂടാതെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും കര്‍ണാടകയിലുമുള്ള നിരവധി പ്രവാസികള്‍ക്കും ഉപകാരപ്രദമായിരുന്നു ഈ സര്‍വിസുകള്‍. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ നടപടിക്കെതിരെ മ്യൂസിക് ഹാളില്‍ വിവിധ സംഘടനാപ്രതിനിധികള്‍ പങ്കെടുത്ത പ്രതിഷേധ യോഗം ചേര്‍ന്നു. കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനന് അധ്യക്ഷത വഹിച്ചു. ടിസ പ്രസിഡന്റ് ഷജീര്‍ ഖാന് വിഷയാവതരണം നടത്തി. എല്ലാ സംഘടനാപ്രതിനിധികളെയും ഉള്‍പ്പെടുത്തി വിശാലമായ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.
ഡോ. കെ. സനാതനനെ ചെയര്‍മാനായും റസ്സല്‍ മുഹമ്മദിനെ കണ്‍വീനറായും നിശ്ചയിച്ചു. സണ്ണി ജേക്കബ്, ഹേമ ഗംഗാധരന്, എ.പി. കരുണന്, ഡോ. ഷാജി പി. ശ്രീധര്‍ എന്നിവരാണ് ഭാരവാഹികൾ.സലാലയിലുള്ള പതിനായിരക്കണക്കിന് മലയാളികള്‍ക്ക് അനുഗ്രഹമായിരുന്ന സര്‍വിസുകളാണ് സ്കൂള്‍, ഖരീഫ് സീസൺ വരാനിരിക്കെ എയര്‍ ഇന്ത്യ അവസാനിപ്പിച്ചിരിക്കുന്നത്. ഇത് ഉടനെ പുനഃസ്ഥാപിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. ആദ്യ നടപടി എന്നനിലയില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് വ്യാപകമായ പരാതിനല്കാന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്, മുഖ്യമന്ത്രി, ബന്ധപ്പെട്ട എം.പിമാര്‍, എയര്‍ ഇന്ത്യ മാനേജ്മെന്റ് എന്നിവര്‍ക്ക് പരാതി നല്‍കും.
അടുത്തദിവസം സലാലയില്‍ എത്തുന്ന ഒമാനിലെ ഇന്ത്യന്‍ അംബാസഡറെ നേരില്‍ കണ്ട് ഈ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്താനും തീരുമാനിച്ചു. വിവിധ സംഘടനാഭാരവാഹികളും പൗരപ്രമുഖരുമായ സണ്ണി ജേക്കബ്, എ.പി. കരുണന്, ഡോ. ഷാജി പി. ശ്രീധര്‍, ഷജീര്‍ഖാന്‍, ഒ. അബ്ദുല്‍ ഗഫൂര്‍, റഷീദ് കല്പറ്റ, സിജോയ് പേരാവൂര്‍, ജി. സലീം സേട്ട്, ഡോ. നിഷ്താര്‍, കെ. ഷൗക്കത്തലി, ജോസ് ചാക്കോ, ശ്രീജി നായര്‍, റസാഖ് ചാലിശ്ശേരി, മുസാബ് ജമാല്‍, ഹുസൈന് കാച്ചിലോടി, ജംഷാദ് അലി തുടങ്ങി നിരവധി പേര് സംബന്ധിച്ചു. സീസണ് കാലത്തെ ടിക്കറ്റ് വിലവര്‍ധന പിന് വലിക്കണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. സലാലയില്‍നിന്ന് കേരളത്തിലേക്ക് സാധാരണ 40 മുതല്‍ 50 വരെ റിയാലാണ് ടിക്കറ്റ് നിരക്ക്. സീസണ് സമയത്ത് ഇത് 90 മുതല്‍ നൂറ് റിയാല്‍ വരെയാണ്. നാട്ടില്‍നിന്ന് സലാലയിലേക്ക് 130 റിയാല്‍ വരെയാണ് ചാര്‍ജ് വര്‍ധനയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

