അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsമസ്കത്ത്: കേരളമടക്കം ഇന്ത്യൻ സെക്ടറിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ചു കിലോ അധിക ബഗേജിന് ആറു റിയാലും പത്തു കിലോക്ക് 12റിയാലും നൽകിയാൽ മതി.
നേരത്തേ ഇത് യഥാക്രമം 25ഉം 50 റിയാലുമാണ് ഈടാക്കിയിരുന്നത്. ഒക്ടോബർ 25വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനൂകൂല്യം ഉണ്ടാവില്ല. സ്കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽപോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫറെങ്കിലും പലർക്കും ഇത് ലഭിക്കാൻ സാധ്യതയില്ലെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അധിക ലോഡ് വരുമ്പോൾ ഇത്തരം ഓഫറുകൾ ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. സീസണായത് കൊണ്ടു തന്നെ വരും ദിവസങ്ങളിൽ ഫുൾലോഡുമായിട്ടാകും എയർഇന്ത്യ എക്സ്പ്രസിന്റെ പറക്കൽ. ലോഡ് കൂടിയതിനെ തുടർന്ന് മുമ്പും ഓഫറുകൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. വെബ്സൈറ്റിൽ നിലവിൽ ജൂണിൽ പോലും ഈ ഓഫർ കിട്ടുന്നില്ലെന്നും വരും ദിവസങ്ങളിലേ കൂടുതൽ വ്യക്തത വരികയുള്ളുവെന്നും അവർ പറഞ്ഞു.
അതേസമയം, സീസണായതോടെ ആകാശ കൊള്ളയുമായി വിമാന കമ്പനികൾ എത്തിയിട്ടുണ്ട്. ബജറ്റ് വിമാന കമ്പനികൾ അടക്കം മസ്കത്തിൽനിന്ന് കേരളത്തിലേക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. പല വിമാന കമ്പനികളും മേയ് അവസാനം മുതൽക്കുതന്നെ നിരക്കുകൾ ഉയർത്തികഴിഞ്ഞു. ബലി പെരുന്നാൾ പ്രമാണിച്ച് അടുത്ത മാസം അഞ്ച്, ആറ് തീയതികളിൽ കൊല്ലുന്ന നിരക്കുകളാണ് ഈടാക്കുന്നത്. ഇതോടെ അത്യാവാശ്യത്തിന് നാട്ടിൽ പോവേണ്ട സാധാരണക്കാർ കുടുങ്ങിയിരിക്കുകയാണ്.
അതോടൊപ്പം സ്കൂൾ അവധിക്ക് ഒമാനിൽ മടക്ക ടിക്കറ്റെടുക്കാതെ വന്നവരും പെട്ടു പോയിട്ടുണ്ട്. ബജറ്റ് എയർലൈൻസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിമാന കമ്പനികളും അവധിക്കാല നിരക്കിന്റെ കാര്യത്തിൽ പിന്നിലല്ല. എയർ ഇന്ത്യ എക്സ്പ്രസ് ഈ മാസം 20 ന് കോഴിക്കോട്ടേക്ക് 70 റിയാലാണ് വൺവേക്ക് ഈടാക്കുന്നത്. കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കും വലിയ
വ്യത്യാസമില്ലാത്ത നിരക്കുകൾ തന്നെയാണുള്ളത്. എന്നാൽ, അടുത്ത മാസം ഒന്നിന്ന് ഈ മൂന്ന് സെക്ടറിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്കുകൾ വൺവേക്ക് 116 റിയാലായി ഉയരുന്നുണ്ട്.
തിരുവനന്തപുരത്തേക്ക് ഈ മാസം 29 മുതൽ തന്നെ നിരക്കുകൾ വൺവേക്ക് 100 റിയാലിന് മുകളിലാണ്. മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള നിരക്കുകൾ ഈ മാസം 20 മുതൽ വൺവേക്ക് 114 റിയാലാണ്. 25 ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 127 റിയാൽ ആണ് ഇൗടാക്കുന്നത്.വിമാന കമ്പനികളുടെ കൊള്ള നിരക്കിനെതിരെ പ്രവാസികളുടെ പ്രതിഷേധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഉന്നതതലങ്ങളിൽവരെ പ്രതിഷേധങ്ങൾ എത്തിക്കുകയും പാർലമെന്റിൽ വരെ ചർച്ചയായിട്ടും അവധിക്കാല കൊള്ളക്ക് കുറവൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

