കേരള സെക്ടറിലേക്ക് കുറഞ്ഞനിരക്കുമായി എയർഇന്ത്യ എക്സ്പ്രസും
text_fieldsമസ്കത്ത്: ഒമാൻ എയർ കേരള സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറച്ചതിനു പിന്നാലെ എയർഇന്ത്യ എക്സ്പ്രസും ഇളവുമായി രംഗത്ത്. കേരളത്തിലെ എല്ലാ സെക്ടറിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകൾ കുറച്ചിട്ടുണ്ട്. ഏപ്രിൽ 11 വരെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ നിരക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇൗടാക്കുന്നത്. തിരുവനന്തപുരത്തേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാവുക.
തിരിച്ച് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കും മിതമായ നിരക്കാണ് എയർ ഇന്ത്യ ഈടാക്കുന്നത്. ഈ മാസം പകുതിവരെ 33.200 റിയാൽ ആണ് തിരുവനന്തപുരത്തേക്കുള്ള നിരക്ക്. പക്ഷേ, ഈ യാത്രക്കാർക്ക് 20 കിലോ ലഗേജ് മാത്രമാണ് കൊണ്ടുപോകാൻ കഴിയുക. 30 കിലോ ലഗേജ് കൊണ്ടുപോകുന്നവരിൽ നിന്ന് 38.200 റിയാലാണ് ഈടാക്കുന്നത്.
അതോടൊപ്പം മൂന്ന് റിയാൽ സർവിസ് ചാർജും നൽകേണ്ടിവരും. മസ്കത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് 11വരെ 39.200 റിയാലാണ്. ഈ മൂന്ന് സെക്ടറിലേക്കും ഏകീകൃത നിരക്കാണ് നൽകുന്നത്. 12നുശേഷം നിരക്കുകൾ വർധിക്കുന്നുണ്ടെങ്കിലും ഏപ്രിൽ അവസാനംവരെ 45 റിയാലിൽ താഴെയാണ് നിരക്ക്. പെരുന്നാളിനോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിൽ നിരക്കുകൾ കുത്തനെ ഉയരുന്നുണ്ട്. കോഴിക്കോട്ടേക്ക് 93 റിയാലാണ് ഈ രണ്ട് ദിവസങ്ങളിലെ നിരക്ക്.
അടുത്ത മാസം 20 മുതൽ നിരക്കുകൾ വീണ്ടും കുത്തനെ വർധിക്കും. ഒമാനിൽ ഇന്ത്യൻ സ്കൂളുകളിൽ വേനലവധി ആരംഭിക്കുന്നതുകൊണ്ടാണ് നിരക്കുകൾ ഉയരുന്നത്. ഒമാൻ എയറിന് പിന്നാലെ എയർഇന്ത്യ എക്സ്പ്രസും നിരക്കുകൾ കുത്തനെ കുറച്ചതോടെ നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നത്. നിരക്കുകൾ കുറഞ്ഞതോടെ പെരുന്നാൾ അവധി നാട്ടിൽ ആഘോഷിക്കാൻ ഒരുങ്ങുന്നവരും നിരവധിയാണ്.
സ്വന്തമായി ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന കുറഞ്ഞ വരുമാനക്കാർക്കാണ് ടിക്കറ്റ് നിരക്കുകൾ കുറഞ്ഞത് ഏറെ അനുഗ്രഹമാകുന്നത്. സ്കൂൾ അവധി ആരംഭിക്കുന്നതോടെ നിരക്കുകൾ കുതിച്ചുയരാനുള്ള സാധ്യത പരിഗണിച്ച് പലരും കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

