മസ്കത്ത്-കേരള സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ കുറച്ചു
text_fieldsമസ്കത്ത്: ഫെബ്രുവരിയിൽ മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ് സൈറ്റ് അനുസരിച്ച് ഫെബ്രുവരിയിൽ കോഴിക്കോട്ടേക്കുള്ള ഒമ്പത് സർവിസുകളാണ് കുറച്ചത്. മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിൽ എല്ലാ ദിവസവും സർവിസ് നടത്തുന്നുണ്ടായിരുന്നു. എന്നാൽ, എക്പ്രസിന്റെ വെബ് സൈറ്റ് പരിശോധിക്കുമ്പോൾ ഇപ്പോൾ പല ദിവസങ്ങളിലും ഈ സർവിസുകൾ കാണാൻ കഴിയില്ല. കാര്യമായി ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവിസാണ് നിലച്ചിരിക്കുന്നത്. ഈ മാസം 9, 12, 15, 17, 19, 20, 24, 26, 27 തീയതികളിൽ വെബ് സൈറ്റ് പരിശോധിച്ചാൽ സർവിസ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്.
കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസുകൾ കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതൽ മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവിസുകൾ മാത്രമാണുള്ളത്. ബാക്കി മൂന്ന് ദിവസം സർവിസുകൾ ഇല്ല. നേരത്തേ ആഴ്ചയിൽ ആറ് സർവിസുകളാണ് എയർ ഇന്ത്യ എക്പ്രസ് നടത്തിയിരുന്നത്. ഈ മാസം 17 മുതൽ കൊച്ചിയിലേക്കും നാല് സർവിസുകൾ മാത്രമാണ് നടത്തുന്നത്. എത്ര അപാകതകൾ ഉണ്ടെങ്കിലും സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്.
മറ്റു വിമാന കമ്പനികളെക്കാൾ ടിക്കറ്റ് നിരക്കുകൾ കുറവായതാണ് സാധാരണക്കാരെ ആകർഷിക്കുന്നത്. നിരക്കിനൊപ്പം കൂടുതൽ ലഗേജുകൾ കൊണ്ടുപോവാൻ കഴിയുന്നതും സാധാരണക്കാർക്ക് സൗകര്യമാണ്. അതോടൊപ്പം കണ്ണൂർ സർവിസുകൾ കുറക്കുന്നത് മസ്കത്തിൽ നിന്ന് ഈ സെക്ടറിലേക്ക് യാത്ര ചെയ്യുന്നവർക്ക് തിരിച്ചടിയാവും. കണ്ണൂരിലേക്ക് നിലവിൽ എയർ ഇന്ത്യ എക്പ്രസ് മാത്രമാണ് സർവിസ് നടത്തുന്നത്.
കോഴിക്കോട് , കൊച്ചി എന്നിവിടങ്ങളിലേക്ക് ഒമാൻ എയർ, സലാം എയർ, ഇന്റിഗോ എന്നിവ സർവിസ് നടത്തുന്നതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ കുറക്കുന്നത് യാത്രക്കാരെ വല്ലാതെ ബാധിക്കില്ല. കണ്ണൂരിൽനിന്ന് സർവിസ് നടത്താൻ നിരവധി വിമാന കമ്പനികൾ തയാറാണെങ്കിലും അന്തരാഷ്ട്ര പദവി ലഭിക്കാത്തതിനാൽ എയർ ഇന്ത്യ എക്പ്രസ് മാത്രമാണ് ഇപ്പോഴും സർവിസ് നടത്തുന്നത്.
കണ്ണൂരിൽ നിന്ന് വിമാന സർവിസുകൾ കുറയുന്നതോടെ ഈ മേഖലയിലുള്ളവർക്ക് കോഴിക്കോട്, മംഗളൂരു, ബംഗളൂരു അടക്കമുള്ള വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടിവരും. ഇത്തരം വിമാനത്താവളങ്ങിൽ ഇറങ്ങുന്ന കണ്ണൂർകാർക്ക് ഏറെ മണിക്കൂറുകൾ റോഡ് വഴിയും റെയിൽവേ വഴിയും ദുരിത യാത്രകൾ നടത്തിയാണ് വീട്ടിലെത്താൻ കഴിയുക. ഹൃസ്വ അവധിക്ക് നാട്ടിൽ പോവുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിൽ പോവേണ്ടി വരുന്ന കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാർക്കും സർവിസുകൾ കുറയുന്നത് വലിയ തിരിച്ചടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

