എയർ ഇന്ത്യ എക്സ്പ്രസ് സലാല- തിരുവനന്തപുരം സർവിസ് പുനരാരംഭിക്കാൻ സാധ്യത
text_fieldsസലാല: നിർത്തലാക്കിയ സലാല -തിരുവനന്തപുരം സർവിസ് പുനരാരംഭിക്കാൻ സാധ്യതയേറുന്നു. സലാലയിൽനിന്ന് കോഴിക്കോട് വഴി തിരുവനന്തപുരത്തേക്കുള്ള സർവിസ് ആരംഭിക്കാൻ നിർദേശിച്ച് മാർക്കറ്റിങ് വിഭാഗം നിർദേശം അയച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് ഒമാൻ ഹെഡ് വരുൺ കഡേക്കർ പറഞ്ഞു. എക്പ്രസ് സർവിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടിക്കാഴ്ച ഹ്യദ്യമായിരുന്നെന്നും ഒമാനിലെ യാത്രക്കാരുടെ പ്രശ്നങ്ങൾ ആദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്താനായെന്നും ഡോ.കെ. സനാതനൻ പറഞ്ഞു.
ഡോ. സനാതനന്റെ സനായിയ്യയിലെ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒമാൻ കൺട്രി മാനേജർ വരുൺ കഡേക്കർ, എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓപറേറ്റേഴ്സ് ആയ കിംജി ഹൗസ് ഓഫ് ട്രാവലിന്റെ സീനിയർ ബിസിനസ്സ് ഡവലപ്മെന്റ് മാനേജർ മഹേഷ് വദ്‍വ, എയർപോർട്ട് സൂപ്പർവൈസർ എം. ഗോപകുമാർ എന്നിവരും സംബന്ധിച്ചു.
സലാല മലയാളികളുടെ യാത്ര പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് ലോക കേരളസഭ അംഗങ്ങളായ പവിത്രൻ കാരായിയും ഹേമ ഗംഗാധരനും മുൻ കൈയെടുത്ത് വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി എം.പിമാർ എന്നിവർക്ക് വ്യാപകമായ പരാതിയും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

