സർവിസുകൾ വീണ്ടും വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsമസ്കത്ത്: കേരളമടക്കമുള്ള വിവിധ ഇന്ത്യൻ സെക്ടറിൽ സർവിസുകൾ വീണ്ടും വെട്ടികുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന ആകെ 14 വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരുന്ന റദ്ദാക്കലുകൾ ഇന്ത്യയിലെ തിരുവനന്തപുരം, മദ്രാസ് (ചെന്നൈ), തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രക്കാരെ ബാധിക്കും.
ഫെബ്രുവരി ഒമ്പതിന് രാവിലെ 8.40ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ഒമാൻ സമയം 11.10ന് മസ്കത്തിലെത്തുന്ന വിമാനവും അന്നേ ദിവസം മസ്കത്തിൽനിന്ന് 12.30ന് പുറപ്പെട്ട് 6.10ന് തിരുവനന്തപുരത്തെത്തുന്ന വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്. ഫെബ്രുവരി 16 മുതൽ മാർച്ച് 16 വരെയുമുള്ള ഞായറാഴ്ചകളിലെ മസ്കത്ത്-തിരുവനന്തപുരം സർവിസുകളും ഒഴിവാക്കിയിട്ടുണ്ട്.
ഫെബ്രുവരി ഒമ്പത്, 17ലെ മസ്കത്ത്-മംഗലാപുരം, ഫെബ്രുവരി 11 മുതൽ മാർച്ച് 25 വരെയുള്ള തീയതികളിൽ മസ്കത്ത്-ചെന്നൈ (ചൊവ്വ ദിവസം), ഫെബ്രുവരി 17 മുതൽ മാർച്ച് 17 വരെ മസ്കത്ത്-തിരിച്ചിറപ്പള്ളി (തിങ്കൾ), ഫെബ്രുവരി 24 മുതൽ മാർച്ച് 24 വരെ (ഞായർ, തിങ്കൾ ദിവസങ്ങളിൽ) മസ്കത്ത്-മംഗലാപുരം റൂട്ടുകളിലുമാണ് സർവിസ് റദ്ദാക്കിയത്. ഓഫ് സീസണായതിനാലാണ് സർവിസുകൾ വെട്ടികുറച്ചിരിക്കുന്നതെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്.
ഫെബ്രുവരിയിൽ മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള സർവിസുകൾ എയർ ഇന്ത്യ നേരത്തെ വെട്ടിക്കുറച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ് അനുസരിച്ച് ഫെബ്രുവരിയിൽ കോഴിക്കോട്ടേക്കുള്ള ഒമ്പത് സർവിസുകളാണ് കുറച്ചിട്ടുള്ളത്. ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവിസാണ് നിലച്ചിരിക്കുന്നത്.
ഈ മാസം ഒമ്പത്, 12,15,17,19,20,24,26,27 തീയതികളിൽ വെബ്സൈറ്റ് പരിശോധിച്ചാൽ സർവിസ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നത്.
കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവിസുകൾ കുറച്ചിട്ടുണ്ട്. ഈ മാസം 17 മുതൽ മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ നാല് സർവിസുകൾ മാത്രമാണുള്ളത്. ബാക്കി മൂന്ന് ദിവസം സർവിസുകളില്ല. നേരത്തെ ആഴ്ചയിൽ ആറ് സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഈ മാസം 17 മുതൽ കൊച്ചിയിലേക്കും നാല് സർവീസുകൾ മാത്രമാണ് നടത്തുന്നത്.
എത്ര അപാകതകളുണ്ടെങ്കിലും സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസിനെയാണ്. മറ്റു വിമാന കമ്പനികളെക്കാൾ ടിക്കറ്റ് നിരക്കുകൾ കുറവായതാണ് സാധാരക്കാരെ ആകർഷിക്കുന്നത്.
നിരക്കിനൊപ്പം കൂടുതൽ ലഗേജുകൾ കൊണ്ടുപോവാൻ കഴിയുന്നതും സാധാരണക്കാർക്ക് സൗകര്യമാണ്. മറ്റു വിമാന സർവിസുകളെ അപേക്ഷിച്ച് നൂലാമാലകൾ കുറവായതും സധാരണക്കാർക്ക് അനുഗ്രഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

