വീണ്ടും യാത്രക്കാരെ വലച്ച് എയർഇന്ത്യ എക്സ്പ്രസ്
text_fieldsമസ്കത്ത്: അനിശ്ചിതമായി വിമാനം വൈകിപ്പിക്കുന്ന എയർഇന്ത്യ എക്സ്പ്രസിന്റെ ക്രൂരവിനോദത്തിന് അറുതിയില്ല. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് മസ്കത്തിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട വിമാനം പറന്നത് രാത്രി 11.45ന്. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാർ ഇതുമൂലം മണിക്കൂറുകൾ വിമാനത്താവളത്തിൽ കുടുങ്ങി.
ഒരു മണിക്ക് പുറപ്പെടേണ്ട വിമാനം വൈകുമെന്നും 4.20ന് പുറപ്പെടുമെന്നും യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് രാത്രി 10.20ന് മാത്രമേ പുറപ്പെടാനാവൂ എന്ന് പിന്നീട് തിരുത്തിപ്പറയുകയായിരുന്നു. ഇതനുസരിച്ച് കാത്തിരുന്നെങ്കിലും വീണ്ടും വൈകി 11.45നാണ് അവസാനം വിമാനം പുറപ്പെട്ടത്.
ബോഡിങ്പാസ് നല്‍കിയ ശേഷമാണ് സമയമാറ്റം അറിയിച്ചതെന്ന് യാത്രക്കാരനായ തൃശൂർ സ്വദേശി കബീര്‍ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. രണ്ടാഴ്ചത്തെ ലീവിൽ ചികിത്സാവശ്യാർഥം നാട്ടിലേക്ക് പുറപ്പെട്ട തനിക്ക് ഒരു ദിവസം വിമാനത്താവളത്തിൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തിര ആവശ്യങ്ങൾക്ക് പുറപ്പെട്ട മറ്റു നിരവധി പേരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിന്‍റെ വൈകൽ വലിയ ദുരിതമായെന്ന് മറ്റൊരു യാത്രക്കാരനായ മത്രയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഏഴര സ്വദേശി മഹ്റൂഫ് പറഞ്ഞു. അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ കാണാനായി നാട്ടിലേക്ക് പുറപ്പെട്ടതാണ് ഇദ്ദേഹം.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലേക്ക് പോകേണ്ട എയർഇന്ത്യ എക്സ്പ്രസ് വിമാനം 12മണിക്കൂർ വൈകിയിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ചയിൽ തിരുവനന്തപുരം, കോഴിക്കോട് വിമാനങ്ങളും വൈകി. തുടർച്ചയായ വൈകലിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

