എയർ ഇന്ത്യ എക്സ്പ്രസ് വൈകി; ദുരിതംപേറി മസ്കത്ത് യാത്രക്കാർ
text_fieldsഎയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും യാത്രക്കാരും വാക്ക് തർക്കത്തിലേർപ്പെട്ടപ്പോൾ
മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം വൈകൽ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്നുള്ള യാത്രക്കാർ മസ്കത്തിലെത്തിയത് രണ്ടരമണിക്കൂർ താമസിച്ച്. ബുധനാഴ്ച രാത്രി 11.50ന് പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ1.50ന് മസ്കത്തിൽ എത്തേണ്ടതായിരുന്നു വിമാനം. എന്നാൽ, പുറപ്പെടാൻ രണ്ടര മണിക്കൂർ വൈകിയതോടെ അതിരാവിലെ അഞ്ച്മണിക്കാണ് യാത്രക്കാർ മസ്കത്തിലെത്തിയത്. സാങ്കേതിക പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. വിമാനം മണിക്കൂറുകൾ വൈകിയത് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് ദുരിതയാത്രയാണ് സമ്മാനിച്ചത്.
യാത്രക്കാരെ വിമാനത്തിൽ കയറ്റിയതിനു ശേഷമാണ് സാങ്കേതിക പ്രശ്നം കാരണം പുറപ്പെടാതിരുന്നത്. മണിക്കൂറുകൾ വിമാനത്തിനകത്ത് ഇരുന്നിട്ടും പുറപ്പെടാതിരുന്നത് യാത്രക്കാരെ ക്ഷുഭിതരാക്കി. ഇതിനിടയിൽ ഒരു യാത്രക്കാരി ബോധം കെട്ട് വീണു. ഇവരെ വീൽചെയറിൽ അടിയന്തര പരിചരണത്തിന് കൊണ്ടുപോയി. വളരെ മോശമായാണ് ജീവനക്കാർ പെരുമാറിയതെന്ന് യാത്രക്കാർ മാധ്യമത്തോട് പ്രതികരിച്ചു. പുറത്തിറങ്ങാൻപോലും അനുവദിക്കാത്തതാണ് യാത്രക്കാരെ ക്ഷുഭിതരാക്കിയത്. ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. വിമാനം എപ്പോൾ പുറപ്പെടുമെന്ന് സംബന്ധിച്ച് ഒരറിയിപ്പുപോലും അധികൃതർ നൽകാൻ തയാറായിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഒടുവിൽ പ്രതിഷേധവുമായി യാത്രക്കാർ പുറത്തിറങ്ങിയതോടെയാണ് പ്രശ്നത്തിന് വഴി തെളിഞ്ഞത്. അടുത്തിടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ തുടർച്ചയായി വൈകുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ വിമാനം വൈകുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രവാസ ലോകത്തുനിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. വിമാനം വൈകുന്നതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

