‘ഐനുൽ ഥവാറ’ പദ്ധതി 40 ശതമാനം പിന്നിട്ടു
text_fieldsമസ്കത്ത്: സൗത്ത് ബാത്തിനയിലെ നഖ്ലിൽ നടപ്പിലാക്കുന്ന ‘ഐനുൽ ഥവാറ’ വികസന പദ്ധതി പുരോഗമിക്കുന്നതായി അധികൃതർ വെളിപ്പെടുത്തി. പദ്ധതിയുടെ നിർമാണ നവീകരണ പ്രവർത്തനങ്ങൾ 40 ശതമാനം പിന്നിട്ടിട്ടുണ്ട്. എല്ലാ വർഷവും നിരവധി വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന നീരുറവ ഉൾപ്പെടുന്ന വാദിയാണ് ‘ഐനുൽ ഥവാറ’. ഇവിടെ വിഷൻ 2040 പദ്ധതികളുടെ ഭാഗമായാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്. സർക്കാർ നടപ്പിലാക്കുന്ന വളരെ സുപ്രധാനമായ പദ്ധതികളിലൊന്നാണിതെന്ന് പ്രാദേശിക നഗരസഭ, ജലവിഭവ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നഖ്ൽ കോട്ടക്ക് സമീപത്തുകൂടെയാണ് എല്ലാ കാലത്തും ഒഴുകുന്ന വാദി കടന്നുപോകുന്നത്. ചൂടുവെള്ളം ഒഴുകുന്ന വാദിയായാണ് ഇത് അറിയപ്പെടുന്നത്. ഈ വെള്ളം ഇവിടെയുള്ള സമീപ പ്രദേശങ്ങളിലേക്ക് ഫലജ് സംവിധാനം വഴി കൃഷിക്കും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു.പുരാതന കാലം മുതൽ ഒമാനിൽ നിലനിന്നിരുന്ന ജലസേചനരീതിയാണ് ഫലജ് എന്നറിയപ്പെടുന്നത്. ദാഖിലിയ, ബാത്തിന എന്നീ പ്രദേശങ്ങളിലാണ് ഈ രീതി പ്രധാനമായും നിലനിൽക്കുന്നത്.
ചെറു കനാലുകളും ചാലുകളും വഴി ജലം ഗാർഹിക-കാർഷിക ഉപയോഗത്തിനായി എത്തിക്കുന്ന സവിശേഷ രീതിയാണിത്. പുതിയ കാലത്ത് നിരവധി വിനോദ സഞ്ചാരികളെ ഈ കാഴ്ചകൾ ആകർഷിക്കുന്നുണ്ട്. 2006ൽ യുനെസ്കോ ഇത്തരത്തിലുള്ള അഞ്ച് ഫലജ് ശൃംഖലകളെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

