കൈവിടാനാവുന്നില്ല; ഗരീബ് ഗ്രാമത്തെ നെഞ്ചോട് ചേർത്ത് അഹമദ് അൽ മസ്രൂരി
text_fieldsമസ്കത്ത്: 97 വയസ്സായെങ്കിലും ഗ്രാമത്തെ കൈവെടിയാൻ കഴിയാതെ ഒറ്റക്ക് കഴിയുകയാണ് അഹമദ് അൽ മസ്രൂരി. ബിദിയയിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള ഗരീബ് എന്ന ഗ്രാമത്തിലാണ് താമസിക്കുന്നത്. ആധുനികതയെയും വൈദ്യുതിയെയും ഒന്നും ഇഷ്ടപ്പെടാത്ത അൽ മസ്രൂരിക്ക് മക്കൾ ബിദിയയിൽ വീട് വെച്ച് കൊടുത്തിട്ടും അവിടെ തങ്ങുന്നില്ല. മാതാപിതാക്കളോടൊപ്പമുള്ള എന്റെ ജീവിതം മുഴുവൻ ഇവിടെയായിരുന്നെന്നും പിന്നീട് ഭാര്യമാരോടും മക്കൾക്കുമൊപ്പം ഈ ഗ്രാമത്തിൽ തന്നെയായിരുന്നു താമസിച്ചതെന്നും മസ്രൂരി പറയുന്നു.
14 മക്കളുണ്ട്. അവർ പ്രായ പൂർത്തിയായതോടെ ബിദിയയിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ, ഗ്രാമത്തെയും ഗ്രാമീണതയെയും അത്രയേറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തോട് ബിദിയയിലേക്ക് താമസം മാറാൻ കുടുംബം വർഷങ്ങളായി ആവശ്യപ്പെടുകയാണ്. എന്നാൽ, മരുഭൂമിക്ക് നടുവിൽ നിലകൊള്ളുന്ന ഗരീബ് എന്ന ചെറിയ ഗ്രാമത്തിൽതന്നെ തങ്ങുകയാണ് മസ്രൂരി. ഒമാനിലെ തനിനാടൻ ഗ്രാമമായ ഗരീബിലെ തെരുവിൽ ഇപ്പോഴും ഒട്ടകങ്ങളും ചെമ്മരിയാടുകളും ആട്ടിൻ പറ്റങ്ങളും അലഞ്ഞു തിരിയുന്നത് കാണാം.
1926 ലാണ് മുഹമ്മദ് മസ്രൂരി ഇതേ ഗ്രാമത്തിൽ ജനിച്ചത്. ആറ് വർഷം മുമ്പ് മക്കൾ അദ്ദേഹത്തിന് താമസിക്കാൻ ബിദിയയിൽ വീടുണ്ടാക്കി കൊടുത്തിരുന്നു. എന്നാൽ പുതിയ വീട്ടിലെ ആധുനിക സൗകര്യങ്ങളുമായും വൈദ്യുതി, ആധുനിക വീട്ടുപകരണങ്ങൾ എന്നിവയുമായും ഒത്തുപോവാൻ കഴിഞ്ഞില്ല. ഒരു വർഷത്തിന് ശേഷം അദ്ദേഹം പഴയ വീട്ടിലേക്ക് തിരിച്ചു പോവുകയും തന്റെ പഴയ ജീവിതരീതി തുടരുകയുമായിരുന്നു. പിതാവ് പഴയ വീട്ടിൽ ഒറ്റക്ക് താമസിക്കുന്നതിൽ ഏറെ പേടിയുണ്ടെന്ന് മക്കൾ പറയുന്നു. അദ്ദേഹം ആ ജീവിത ചുറ്റുപാടുമായി ഇഴുകിപ്പോയിരിക്കുന്നു. മറ്റെവിടെയും അദ്ദേഹത്തിന് ജീവിക്കാൻ കഴിയില്ല. മരിച്ചാൽ അടക്കം ചെയ്യേണ്ട ഇടം വരെ അദ്ദേഹം നിശ്ചയിച്ചിട്ടുണ്ട്. എന്നാലും 68 വയസ്സുകാരിയായ മകൾ എല്ലാ വാരാന്ത്യങ്ങളിലും ആ വലിയ വീട്ടിലെത്തി അദ്ദേഹത്തോടൊപ്പം കഴിയും.
ഗ്രാമത്തിൽ ഒമ്പത് വീടുകളാണുള്ളത്. 50ൽ താഴെ പേർ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഇവരിൽ പലരും മസ്രൂരിയെ പോലെ നഗരജീവിതം ഇഷ്ടപ്പെടാത്തവരാണ്. കന്നുകാലികളും ഇന്തപ്പനകളും ധാരാളമുണ്ട്. എല്ലാ വീടുകളും മരുപ്പച്ചയിലായതിനാൽ വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നില്ല. ഇവിടെ മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കുന്ന വിളക്കുകളാണുള്ളത്. ഫലജിൽ കൂടി ഒഴുകിയെത്തുന്ന വെള്ളമാണ് വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
വീടുകളിൽ വലിയ ജനാലകൾവെച്ചത് കാരണം കടുത്ത വേനലിലും ഇവിടെ തണുപ്പ് അനുഭവപ്പെടുന്നു. ബിദിയയിൽനിന്ന് മാസത്തിൽ രണ്ട് പ്രാവശ്യം ഗരീബിലേക്ക് ലോറി ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോവും. അരി, പഞ്ചസാര, ധാന്യങ്ങൾ, കോഴി, മത്സ്യം എന്നിവ വിൽക്കുന്നു. ഗ്രാമവാസികൾ പാൽ, ഈത്തപ്പഴം, മൃഗങ്ങൾ, മാംസം എന്നിവ തിരിച്ച് വിൽക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

