മത്സ്യബന്ധന ബോട്ടുകളുടെ ട്രാക്കിങ് സംവിധാനത്തിന് കരാറായി
text_fieldsലിവ മത്സ്യബന്ധന തുറമുഖത്തുനിന്നുള്ള കാഴ്ച (ഫയൽ)

മസ്കത്ത്: മത്സ്യബന്ധന വഞ്ചികളുടെ നിരീക്ഷണത്തിനുള്ള സമഗ്ര സാങ്കേതിക സംവിധാനം പ്രവർത്തിപ്പിക്കുന്നതിനായി ഫോച്ചർ സിറ്റീസ് കമ്പനിയായ ‘തദും’ മത്സ്യബന്ധന, കൃഷി, ജലവിഭവ മന്ത്രാലയവുമായി കരാറിൽ ഒപ്പുവെച്ചു. ഞായറാഴ്ച നടന്ന ചടങ്ങിൽ വകുപ്പുമന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയും കമ്പനി സി.ഇ.ഒ എഞ്ചിനീയർ അബ്ദുല്ല റാഷിദ് അൽ ബാദിയും കരാറിൽ ഒപ്പുവെച്ചു.
മത്സ്യസമ്പത്തിന്റെ ലഭ്യത സുസ്ഥിരമാക്കുകയും മത്സ്യബന്ധന മേഖലയെ നിയന്ത്രണവിധേയമാക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ബോട്ടുകളുടെ സഞ്ചാരം 24 മണിക്കൂറും നിരീക്ഷിക്കാൻ കഴിയുന്ന നവീന സാങ്കേതിക സംവിധാനമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. സമുദ്രഅപകടങ്ങളും അടിയന്തര സാഹചര്യങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഇത് സഹായകരമാകും.
ബോട്ടുകളുടെ യാത്രാമാർഗവും ഗതാഗതരീതികളും വിശകലനം ചെയ്യുന്നതിനും ഇതുവഴി സാധിക്കും. ഇതിലൂടെ മത്സ്യബന്ധന ശ്രമം കൃത്യമായി വിലയിരുത്താനും വിഭവ മാനേജ്മെന്റിനായുള്ള കൂടുതൽ സമഗ്ര പദ്ധതികൾ തയാറാക്കാനും സഹായിക്കും. നിയമലംഘനങ്ങൾ നിരീക്ഷിച്ച് യഥാസമയം നിയന്ത്രിക്കുന്നതിലൂടെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
കടൽസുരക്ഷ വർധിപ്പിക്കുന്നതിലും പദ്ധതി നിർണായകമാണ്. അപകടസാധ്യത കുറക്കുക, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകരമാകുക, ഏത് സംഭവം ഉണ്ടായാലും കൺട്രോൾ റൂമിലേക്ക് തത്സമയ ഡാറ്റ നൽകുക എന്നിവയിലും ഇതിന് പങ്കുണ്ട്. ഘട്ടം ഘട്ടമായി നടപ്പാക്കുന്ന ഇൻസ്റ്റലേഷൻ പദ്ധതിയുടെ അടിസ്ഥാനത്തിൽ എല്ലാ പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളും സംവിധാനത്തിൽ ഉൾപ്പെടും.
40 കിലോമീറ്റർ വരെ വ്യാപിക്കുന്ന ലോറവാൻ നെറ്റ്വർക്കിനെ ആശ്രയിച്ചാണിത്. ചില പ്രദേശങ്ങളിൽ ഇത് 70 കിലോമീറ്റർ വരെ എത്തുമെന്നതിനൊപ്പം ഉൾക്കടലിലെ ഡാറ്റാ കൈമാറ്റം ഉറപ്പാക്കാൻ ഉപഗ്രഹ ബന്ധവും ലഭ്യമാണ്. ബോട്ടിന്റെ സ്ഥാനം, വേഗത, ദിശ, നിർത്തിയിട്ട അവസ്ഥകൾ, അടിയന്തര സന്ദേശങ്ങൾ എന്നിവ സംബന്ധിച്ചും വിവരം ലഭ്യമാവും.
ഇതുവഴി വഞ്ചിയുടെ ചലനത്തെക്കുറിച്ചുള്ള കൃത്യമായ ദൃശ്യചിത്രം ലഭിക്കുകയും ബന്ധപ്പെട്ട അധികൃതർക്ക് വേഗത്തിൽ പ്രതികരിക്കാനുള്ള സാഹചര്യമുണ്ടാവുകയും ചെയ്യും.
അടിയന്തരാവസ്ഥയിൽ നേരിട്ട് ഓപറേഷൻസ് മുറിയിലേക്ക് അലർട്ട് അയക്കാൻ കഴിയുന്ന സുരക്ഷാ ബട്ടൺ യാത്രാസുരക്ഷ വർധിപ്പിക്കുന്നു എന്നത് മത്സ്യത്തൊഴിലാളികൾക്കുള്ള ആശ്വാസകരമാണ്. യാത്രാമാർഗം കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ ബോട്ട് നഷ്ടപ്പെടാനുള്ള സാധ്യതയും കുറയുന്നു. ആവശ്യമെങ്കിൽ ആശ്രയിക്കാവുന്ന ഡിജിറ്റൽ രേഖയും സംവിധാനം നൽകുന്നു.
മത്സ്യനിയന്ത്രണ പദ്ധതികൾ രൂപപ്പെടുത്താനും നിയമവിരുദ്ധ മത്സ്യബന്ധനം തടയാനും ദേശീയ കടൽസുരക്ഷാസംവിധാനത്തെ ശക്തിപ്പെടുത്താനും പദ്ധതി മന്ത്രാലയതലത്തിൽ സഹായകരമാണ്.
സമുദ്രമേഖലയിലെ ഡിജിറ്റൽ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണ് കരാർ ഒപ്പുവെച്ചതെന്ന് മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

