രണ്ടാം അന്താരാഷ്ട്ര സൗഹൃദ മത്സരം നാളെ; പരിശീലനം ഊർജിതമാക്കി ഒമാൻ
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിനു മുന്നോടിയായ രണ്ടാം അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനായി ഒമാൻ ശനിയാഴ്ച ഇറങ്ങും. അബൂദാബിയിലെ അൽനഹ്യാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ യു.എ.ഇയാണ് എതിരാളികൾ. രാത്രി 7.15നാണ് കിക്കോഫ്. ഏഷ്യൻ കപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി യു.എ.ഇയിൽ വിദേശ ക്യാമ്പിലാണ് നിലവിൽ റെഡ്വാരിയേഴ്സ്. കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ നേതൃത്വത്തിൽ ഊർജിത പരിശീലനമാണ് നടന്നുവരുന്നത്. രാവിലെയും വൈകുന്നേരവുമായി ദിനവും രണ്ടു പരിശീലന സെഷനുകളാണ് നടക്കുന്നത്. ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിനു മുന്നോടിയായി നടന്ന ആദ്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിലെ വിജയം ഒമാന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അബുദബിയിലെ ബനി യാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചൈനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റെഡ് വാരിയേഴ്സ് തകർത്തത്. രണ്ടാം പകുതിയിലായിരുന്നു ഇരുഗോളുകളും പിറന്നത്. അർഷദ് അൽ അലാവി (49), മുഹ്സിൻ അൽ ഗസ്സാനി (65) എന്നിവരാണ് സുൽത്താനേറ്റിനുവേണ്ടി വലകുലുക്കിയത്.
യു.എ.ഇയിലെ വിദേശ ക്യാമ്പിനുശേഷം ആഭ്യന്തര സന്നാഹ സെഷനുകളിലേക്ക് ടീം മടങ്ങും. പിന്നീട് ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഒമാൻ ഖത്തറിലേക്കു തിരിക്കും. ഏഷ്യൻ കപ്പ് ഗ്രൂപ് എഫിൽ ഒമാന്റെ കൂടെ സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ്താൻ എന്നീ ടീമുകളാണുള്ളത്. ഏഷ്യൻ കപ്പിനുള്ള ഒമാൻ ടീമിനെ ഉടൻതന്നെ കോച്ച് പ്രഖ്യാപിക്കും. പരിചയ സമ്പന്നതക്കൊപ്പം പുതുരക്തങ്ങൾക്കും ഇടം നൽകുന്നതായിരിക്കും ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

