മസ്കത്ത്: ടെലികോം കമ്പനികൾക്ക് മുന്നറിയിപ്പുമായി ടെലികമ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ട്രാ). ഉപഭോക്താക്കൾക്കായുള്ള വിവിധ പാക്കേജുകളിൽ സേവനങ്ങളുടെ പരിധിയില്ലാത്ത ഉപയോഗം എന്ന് വിശേഷിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്രാ ചൂണ്ടിക്കാട്ടി. അതിനാൽ പാക്കേജുകളുടെ പരസ്യങ്ങളിൽ നിന്ന് ‘അൺ ലിമിറ്റഡ് യൂസ് ഒാഫ് ദി സർവിസ്’ എന്ന വാചകം നീക്കംചെയ്യണം.ഒമാൻടെല്ലിനും ഉരീദുവിനും ഇത് നീക്കണമെന്ന് കാട്ടിയുള്ള സർക്കുലർ നൽകിയതായും ‘ട്രാ’ അറിയിച്ചു.
വിവിധ പ്രമോഷനൽ പാക്കേജുകളുടെ നിബന്ധനകളും മാനദണ്ഡങ്ങളും വ്യക്തമാക്കേണ്ടത് ടെലികോം കമ്പനികളുടെ കർത്തവ്യമാണെന്നും 1/2020ാം നമ്പർ സർക്കുലർ പറയുന്നു. ഇത്തരം ഒാഫറുകൾ തെറ്റിദ്ധരിപ്പിക്കുന്നതും അവ്യക്തവുമാണെന്ന ഉപഭോക്താക്കളിൽനിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ട്രായുടെ നിർദേശം. പാക്കേജുകളുടെ യഥാർഥ മെച്ചത്തെ കുറിച്ച് പലപ്പോഴും ഉപഭോക്താക്കൾക്ക് വ്യക്തത ലഭിക്കാത്ത സാഹചര്യമുണ്ട്.
റീെട്ടയിൽ താരിഫ് നിബന്ധനപ്രകാരം ഉപഭോക്താക്കൾക്ക് ഒരു ആശയക്കുഴപ്പവുമുണ്ടാക്കാതെ സുതാര്യമായ രീതിയിൽ പാക്കേജുകളുടെ നിബന്ധനകൾ നൽകുകയാണ് വേണ്ടതെന്നും ‘ട്രാ’ നിർദേശത്തിൽ പറയുന്നു. ഇൗ നിർദേശം ലംഘിക്കുന്ന പക്ഷം നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.