ബോഷറിലെ മണൽകുന്നുകളിലൂടെയുള്ള സാഹസികയാത്രക്ക് വിലക്ക്
text_fieldsമസ്കത്ത്: ബോഷറിലെ മണൽകുന്നുകളിലൂടെ ക്വാഡ്ബൈക്കുകൾ ഉപയോഗിച്ചുള്ള സാഹസിക യാത്രക്ക് മസ്കത്ത് നഗരസഭയുടെ വിലക്ക്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവേശനം നിരോധിച്ചതായി കാട്ടി ബോർഡ് സ്ഥാപിച്ചു. നിയമലംഘകർ നിയമനടപടികൾക്ക് വിധേയരാകേണ്ടിവരുമെന്നും ബോർഡിൽ പറയുന്നു.
വിദേശികളുടെയും സ്വദേശികളുടെയും ഏറെ പ്രിയപ്പെട്ട വിനോദമാണ് ഇതോടെ ഇല്ലാതാകുന്നത്. അവധി ദിവസങ്ങളിൽ നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. സ്വന്തം ഫോർവീലർ വാഹനങ്ങൾക്ക് പുറമെ ഇവിടെ വാടകക്ക് ലഭിക്കുന്ന ക്വാഡ് ബൈക്കുകളിലുമായിരുന്നു ആളുകളുടെ അഭ്യാസം. തങ്ങൾക്ക് ഏറെ നിരാശയുളവാക്കുന്നതാണ് തീരുമാനമെന്ന് ക്വാഡ്ബൈക്കുകൾ വാടകക്ക് നൽകുന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. വാഹനങ്ങൾക്കായി കാര്യമായ നിക്ഷേപം തന്നെ തങ്ങൾ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം ഒാഫിസുകൾ വാടകക്ക് എടുക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്നത്തിൽ ഒരു ഒത്തുതീർപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു. വിദഗ്ധരുടെ നിർദേശപ്രകാരമുള്ള സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് ബോർഡ് സ്ഥാപിച്ചതെന്ന് നഗരസഭാ വക്താവ് പറഞ്ഞു. നിരവധി കെട്ടിടങ്ങളുടെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. കെട്ടിട നിർമാണത്തിന് കുഴികളും കുഴിച്ചിട്ടുണ്ട്. ഇത്തരം സാഹസിക വിനോദങ്ങൾക്ക് യോജിച്ച സ്ഥലമല്ല ഇവിടമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന റിപ്പോർട്ടിെൻറകൂടി അടിസ്ഥാനത്തിലാണ് നടപടി. നിരവധി താമസകേന്ദ്രങ്ങൾ ഉയർന്നുവരുന്നതും തീരുമാനത്തിന് കാരണമാണ്.
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ ഇൗ സ്ഥലത്തിന് അനുയോജ്യമായ നിക്ഷേപ പദ്ധതി തയാറാക്കുന്നതിനുള്ള ആലോചനയിലാണ് നഗരസഭ. മണൽകുന്നുകളുടെ അസ്ഥിത്വം നിലനിർത്തി െകാണ്ടുള്ള പ്രകൃതിദത്ത പാർക്കിന് പുറമെ എല്ലാത്തരം ജനങ്ങൾക്കും അനുയോജ്യമായ കായിക കേന്ദ്രവും ടൂറിസം വിനോദ കേന്ദ്രങ്ങളും നിർമിക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
