സൂർ സ്കൂളിലെ ഫീസ് വർധന അനുഭാവപൂർവം പരിഗണിക്കുമെന്ന് അധികൃതർ
text_fieldsമസ്കത്ത്: സൂർ ഇന്ത്യൻ സ്കൂളിലെ വർധിപ്പിച്ച ഫീസ് അനുഭാവപൂർവം പുനഃപരിശോധിക്കുമെന്ന് അധികൃതർ. കഴിഞ്ഞ ദിവസം സ്കൂളിൽ ചേർന്ന മാനേജ്മെന്റ് പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും യോഗത്തിലാണ് അധികൃതർ ഉറപ്പുനൽകിയത്. കടുത്ത സാമ്പത്തിക പരിമിതികൾ അഭിമുഖീകരിക്കുന്ന സ്കൂളിന് ഫീസ് വർധിപ്പിക്കയല്ലാതെ നിർവാഹമില്ലാത്ത സാഹചര്യമാണെന്നും ഫീസ് വരുമാനമല്ലാത്ത മറ്റു വിഭവ സമാഹരണങ്ങൾ ഇല്ലെന്നും അധികൃതർ യോഗത്തിൽ വ്യക്തമാക്കി. ഫീസ് വർധനയുൾപ്പെടെയുള്ള കാര്യത്തിൽ സ്കൂളിന്റെ പരിമിതികളിൽനിന്ന് സാധ്യമാകുന്നതു ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ, സൂറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സാമ്പത്തിക ചുറ്റുപാടുകൾ മനസ്സിലാക്കാതെ ഏകപക്ഷീയമായാണ് ഫീസ് വർധന പോലുള്ള കാര്യങ്ങളിൽ നിലപാട് എടുക്കുന്നതെന്നു രക്ഷിതാക്കൾ ആരോപിച്ചു.
മറ്റു മേഖലകളിൽനിന്ന് ഭിന്നമായി സൂർ ഇന്ത്യൻ സ്കൂളിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെനിന്ന രക്ഷിതാക്കളെ മുഖവിലക്കെ ടുക്കാതെയുള്ള അധികൃതരുടെ നിലപാടുകൾക്കെതിരെ മേഖലയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞവർഷങ്ങളിൽ ലക്ഷക്കണക്കിന് റിയാലാണ് സൂർ ഇന്ത്യൻ സ്കൂളിന്റെ വിവിധ പദ്ധതികളിൽ ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനിയും മറ്റു സ്വകാര്യ സ്ഥാപനങ്ങളും നിക്ഷേപിച്ചത്. അടുത്തിടെ ഒമാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി രണ്ടു സ്കൂൾ ബസ് സംഭാവന ചെയ്തിട്ടും വീണ്ടും കൂട്ടാനുള്ള നടപടി അംഗീകരിക്കാനാവില്ലെന്നും യോഗത്തിൽ രക്ഷിതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

