ആദംസ് സൺസ് ഖുർആൻ മത്സരം
text_fieldsആദംസ് സൺസ് ഖുർആൻ മത്സര വിജയികൾ സംഘാടകരോടൊപ്പം
മസ്കത്ത്: ആദംസ് സൺസ് ഖുർആൻ മത്സരത്തിന്റെ 19ാമത് പതിപ്പ് വിപുലമായ രീതിയിൽ നടന്നു. എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരി കാർമികത്വം വഹിച്ചു. കൗമാരക്കാരെയും മുതിർന്നവരെയും മികച്ച രീതിയിൽ ഖുർആൻ പാരായണം ചെയ്യുന്നതിനും മനഃപാഠമാക്കുന്നതിനും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് 2004ൽ ആണ് ആദംസ് സൺസ് ഖുർആൻ മത്സരം തുടങ്ങുന്നത്.
ആദംസ് സൺസ് ജ്വല്ലറി ചെയർമാൻ അബ്ദുൽ ഹമീദ് ആദം അൽ സൈഗ്, ആദംസ് സൺസ് ജ്വല്ലറി മാനേജിങ് ഡയറക്ടർ ഇസ്മായിൽ മുഹമ്മദ് ആദം അൽ സൈഗ് എന്നിവരുടെ സ്വാഗതത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ഖുർആൻ ഫുൾ ഹിഫ്ള്, 15 ജുസുഅ് ഹിഫ്ള്, ഖുർആൻ പാരായണം 15 വയസ്സിന് മുകളിൽ, 15 വയസ്സിന് താഴെയുള്ളവർക്കുള്ള ഖുർആൻ പാരായണം എന്നിങ്ങനെ നാല് വിഭാഗത്തിലായിരുന്നു മത്സരം.
100ലധികം പേരാണ് മത്സരത്തിനായി രജിസ്റ്റർ ചെയ്തത്. ഖുർആൻ ഫുൾ ഹിഫ്ള് വിഭാഗത്തിൽ ഹിഷാം മുഹമ്മദ് ലുത്ഫി ഒന്നാം സ്ഥാനം നേടി. അബ്ദുൽ അഹദ് അദ്നാൻ അബ്ദുൽ റഹ്മാൻ രണ്ടും മുഹമ്മദ് സുദേസ് ഖാൻ മൂന്നും സ്ഥാനങ്ങൾ നേടി. 15 ജുസുഅ് ഹിഫ്ള് വിഭാഗത്തിൽ മാസിൻ അൻസർ, സഈദ് മുഹമ്മദ് അൽ ഹബ്സി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. 15 വയസ്സിന് മുകളിലുള്ളവർക്കുള്ള ഖുർആൻ പാരായണം മത്സരത്തിൽ ഉസാമ അൽ ദർവിഷ് ആണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. ഖാലിദ് അൽ ഷുകൈലി രണ്ടാം സ്ഥാനവും നേടി. സലിം അൽ മുഷർഫി, ഇബ്രാഹിം അബ്ദുൽ കാദിർ എന്നിവർ പതിനഞ്ച് വയസ്സിന് താഴെയുള്ളവരുടെ ഖുർആൻ പാരായണ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

