സലാല കളറാക്കാൻ ഭാവനയെത്തുന്നു
text_fieldsസലാല: ‘ഹാർമോണിയസ് കേരള’ ആറാം സീസണിൽ ആരാകും ആ പ്രിയ താരമെന്ന സസ്പെൻസിന് വിരാമം. ജനുവരി 30ന് സലാല അൽ മറൂജ് ആംഫിതിയേറ്ററിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യിൽ മലയാളത്തിന്റെ പ്രിയ നടി ഭാവനയെത്തും. മലയാളത്തിൽനിന്ന് തെന്നിന്ത്യൻ താരമായി വളർന്ന നടി ഭാവന ഒരു പതിറ്റാണ്ടിലേറെയായി അഭിനയ രംഗത്തുണ്ട്. മലയാളത്തിന് പുറമെ, കന്നഡ, തെലുങ്ക് ഭാഷകളിലായി 60ലേറെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. അതോടൊപ്പം, ഹാർമോണിയസ് കേരളയിലെ വിശിഷ്ടാതിഥി ആരായിരിക്കുമെന്ന് പ്രവചിക്കാൻ ‘ഗൾഫ് മാധ്യമം’ ഓൺലൈനായി നടത്തിയ ഗസ് ആൻഡ് വിൻ മൽസര വിജയികളെ വൈകാതെ പ്രഖ്യാപിക്കും.
ഭാവനയെ കൂടാതെ, വൻ താരനിരയാണ് സലാലയിലെത്തുന്നത്. മലയാളികൾ നെഞ്ചേറ്റിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുമായി പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ ‘മധുമയമായ് പാടാം’ എന്ന പ്രത്യേക ഷോ ഹാർമോണിയസ് കേരളയിൽ ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാന രംഗത്ത് എം.ജി ശ്രീകുമാറിന്റെ പാട്ടുജീവിതത്തിന്റെ നാൽപതാം വാർഷികാഘോഷമായാണ് ‘മധുമയമായ് പാടാം’ അരങ്ങേറുക. മലയാളത്തിൽ പകരംവെക്കാനില്ലാത്ത അവതാരകനായ മിഥുൻ രമേശ് ‘ഹാർമോണിയസ് കേരള’ വേദി നയിക്കും.
കുടുംബസദസ്സിനെ ആകാംക്ഷയുടെയും ഉദ്വോഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന പ്രമുഖ മെന്റലിസ്റ്റും ഹിപ്നോട്ടിസ്റ്റുമായ ഫാസിൽ ബഷീറിന്റെ ഗംഭീര സറ്റേജ് ഷോയും ‘ഹാർമോണിയസ് കേരള’യുടെ ഭാഗമാവും. മലയാളത്തിലെ പ്രിയ താരങ്ങളും പിന്നണി ഗായകരും മിമിക്രി താരങ്ങളുമടക്കമുള്ളവർ അണിനിരക്കുന്നതോടെ സലാലയിൽ ആഘോഷ രാവ് തീർക്കും. നിത്യാ മാമ്മൻ, ശിഖ, മിയക്കുട്ടി, അശ്വിൻ വിജയൻ , ജാസിം ജമാൽ, റഹ്മാൻ തുടങ്ങിയവരും ആഘോഷത്തിര തീർക്കാനെത്തും.
‘ഹാർമോണിയസ് കേരള’യുടെ വരവറിയിച്ച് വരും ദിവസങ്ങളിൽ സലാലയിൽ വിവിധ സാമൂഹിക, സംസ്കാരിക പരിപാടികളും പ്രധാനകേന്ദ്രങ്ങളിൽ റോഡ് ഷോയും നടക്കും. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്, ലുലു ഹൈപ്പർ മാർക്കറ്റ്, ബദർ അൽ സമ ഹോസ്പിറ്റൽ എന്നിവരാണ് മുഖ്യ പ്രായോജകർ. കൂടാതെ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, സായ് ഡിറ്റർജന്റ് കമ്പനി തുടങ്ങിയവരും പങ്കാളികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

