സലാല: 20 വർഷത്തെ പ്രവാസത്തിനു ശേഷം സലാലയിൽനിന്ന് സി. വിനയകുമാർ മടങ്ങുന്നു. സാമൂഹിക- കലാ-രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഇദ്ദേഹം. 15 വർഷത്തെ ഇന്ത്യൻ നേവിയിലെ ജീവിതത്തിനു ശേഷം, രണ്ടായിരത്തിലാണ് വിനയകുമാർ സലാലയിലെത്തുന്നത്. മിനിസ്ട്രി ഒാഫ് ഡിഫൻസിലായിരുന്നു ജോലി ചെയ്തിരുന്നത്. കണ്ണൂരിലെ അഞ്ചരക്കണ്ടി സ്വദേശിയാണ്.
നിലവിൽ മലയാളം മിഷൻ സലാല കോഒാഡിനേറ്ററും, കേരള വിഭാഗം സാംസ്കാരിക വിഭാഗം സെക്രട്ടറിയുമാണ്. കൈരളി സലാലയുടെ ജന. സെക്രട്ടറിയായിരുന്നു കഴിഞ്ഞ അഞ്ചുവർഷം. കൂടാതെ, ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയംഗമായി അഞ്ചുവർഷം പ്രവർത്തിച്ചു. എട്ടു വർഷം ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ എക്സ്ക്യൂട്ടിവ് കമ്മിറ്റിയിലും ഉണ്ടായിരുന്നു. കലാ വേദികളിലും സജീവമായിരുന്നു. ആറു നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
രാഷ്ട്രീയത്തിനപ്പുറം വിവിധ തുറകളിലെ ആളുകളുമായി ഹൃദ്യമായ ബന്ധമായിരുന്നു ഇദ്ദേഹത്തിന്. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി വിനയകുമാർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. എല്ലാറ്റിനുമപ്പുറം മനുഷ്യർ തമ്മിൽ നല്ല ബന്ധമാണ് സലാലയുടെ പ്രത്യേകതയെന്നും വിനയകുമാർ കൂട്ടിച്ചേർത്തു.
നവംബർ 30ന് സലാലയിൽനിന്ന് മസ്കത്തിലേക്ക് മടങ്ങുന്ന ഇദ്ദേഹം അവിടെനിന്ന് ഒരാഴ്ച ശേഷം നാട്ടിലേക്ക് തിരിക്കും. നാട്ടിൽ അധ്യാപികയായ പ്രീതിയാണ് ഭാര്യ. മക്കളായ വിനീതും നിത്യയും വിദ്യാർഥികളാണ്. കൈരളി സലാല വിനയകുമാറിന് യാത്രയയപ്പ് നൽകി. കെ.എ. റഹീം അധ്യക്ഷതവഹിച്ചു. ലോക കേരള സഭാഗം എ.കെ. പവിത്രൻ ഉദ്ഘാടനം ചെയ്തു. പവിത്രൻ കാരായി സ്വാഗതവും സിജോയ് നന്ദിയും പറഞ്ഞു. നവംബർ 27ന് വിപുലമായ യാത്രയയപ്പ് ഓൺലൈൻ വഴി നടക്കും.