ഹോട്ട് ബലൂണിന് അംഗീകാരം; പറന്നുയർന്ന് കാഴ്ചകൾ കാണാം
text_fieldsമസ്കത്ത്: ലോകത്തിലെ പ്രധാന വിനോദ ഇനമായ ഹോട്ട് ബലൂൺ പറപ്പിക്കലിന് ഒമാൻ അംഗീകാരം നൽകി. ഒമാന്‍റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് പുതിയനീക്കം. അന്താരാഷ്ട്ര ഗുണനിലവാരമുള്ളതും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ മാർഗനിർദേശങ്ങൾ പാലിക്കുകയും ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിലാണ് അംഗീകാരം നൽകിയിരിക്കുന്നതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഈ മേഖലയിലെ വിദേശനിക്ഷേപം ആകർഷിക്കുന്നതിന്‍റെ ഭാഗമാണ് തീരുമാനം.
ലോകത്തിലെ നിരവധി രാജ്യങ്ങളിൽ വരുമാനമാർഗമാണ് ഹോട്ട് ബലൂണുകൾ. ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിൽ ഇതിന് വലിയ സ്വീകാര്യതയുണ്ട്. ദുബൈ, തുർക്കിയ, ഈജിപ്ത്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ഇവയുണ്ട്.
വലിയ ബലൂണിൽ കെട്ടിയ പ്രത്യേക കുട്ടയിലാണ് സഞ്ചാരികൾ ഇരിക്കുന്നത്. എല്ലാ സുരക്ഷാമാനദന്ധങ്ങളും പാലിച്ച് മാത്രമാണ് യാത്ര അനുവദിക്കുക. രണ്ടുപേർ മുതൽ 24 പേർക്ക് വരെ ഇരിക്കാൻ കഴിയുന്ന ബാസ്കറ്റുകളാണ് ബലൂണിൽ ഘടിപ്പിച്ചിരിക്കുക. കൂടുതൽപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ബലൂണുകൾക്ക് വലുപ്പവും വർധിക്കും. ആദ്യ കാലത്ത് ബലൂണിന്‍റെ ആകൃതിയിലാണുണ്ടായിരുന്നതെങ്കിൽ ഇന്ന് പല രൂപത്തിലും വർണങ്ങളിലുമുള്ള ഹോട്ട് ബലൂണുകളുണ്ട്. രണ്ടാൾക്ക് യാത്രചെയ്യാൻ കഴിയുന്ന ബലൂണുകൾക്ക് 600 ഘന മീറ്റർ വിസ്തൃതിയുണ്ടാവും. 24 പേർക്ക് ഇരിക്കാൻ കഴിയുന്നവക്ക് 17,000 ഘന മീറ്ററാണ് വിസ്തൃതി. മൂന്ന് മുതൽ അഞ്ചുവരെ പേർക്ക് കയറാൻ കഴിയുന്ന ബലൂണുകൾക്ക് 2800 ഘനമീറ്റർ വിസ്തൃതിയും ഉണ്ടാവും.
താഴ്ഭാഗത്തുള്ള തുറന്ന ഭാഗം വഴി ചൂടുവായു കയറ്റിയാണ് ബലൂൺ പറത്തുന്നത്. ചൂടുള്ള വായു അന്തരീക്ഷ വായുവിനെക്കാൾ ഭാരം കുറഞ്ഞതായതിനാൽ അതിവേഗം പറന്നുപൊങ്ങും. ബലൂണുമായി ബന്ധിപ്പിച്ച പ്രത്യേക ബർണർ ഉപയോഗിച്ചാണ് തീ ബലൂണിനുള്ളിലേക്ക് അടിച്ചുകയറ്റുന്നത്.
തീ പിടിക്കാത്ത പ്രത്യേകം നൈലോൺ വസ്തുകൊണ്ടാണ് ബലൂണുകൾ നിർമിച്ചിരിക്കുന്നത്. വിമാനത്തിന്‍റെ ആദ്യരൂപമായ ബലൂണുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1967ലാണ് പുതിയരീതിയിലുള്ള ഹോട്ട് ബലൂണുകൾ നിലവിൽവന്നത്. നിരവധി തുറസ്സായ പ്രദേശങ്ങളും മരുഭൂവുകളും അടങ്ങിയ ഭൂപ്രകൃതിയുള്ള ഒമാനിൽ ഹോട്ട് ബലൂണുകൾക്ക് വൻ സാധ്യതയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

