റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; േവണം ജാഗ്രത
text_fieldsമസ്കത്ത്: രാജ്യത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപെടുന്ന സംഭവങ്ങൾ വർധിക്കുന്നതായി കണക്കുകൾ. 2020നെ അപേക്ഷിച്ച് കഴിഞ്ഞവർഷം വാഹനമിടിച്ചുള്ള കേസുകളിൽ 12.9 ശതമാനം വർധനയാണുണ്ടായത്. 2020ൽ വാഹനമിടിച്ച് 297 കേസുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്. 93 ജീവൻ പൊലിയുകയും ചെയ്തു. ഇവരിൽ 79 പേർ പുരുഷന്മാരും 14 പേർ സ്ത്രീകളുമാണ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ട്രാഫിക് സുരക്ഷാസൂചകങ്ങളിൽ പുരോഗതി കൈവന്നതായി ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. റോഡുകളിലടക്കം വന്ന വികസനപ്രവൃത്തികൾ റോഡപകടങ്ങൾ കുറക്കുകയും ചെയ്തു. അതേസമയം, വാഹനമിടിച്ചുള്ള അപകടങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ വാഹനമിടിച്ച മൂന്നു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി മരിക്കുകയും ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ സിബ് വിലായത്തിലായിരുന്നു ദാരുണമായ സംഭവം. വാഹനമിടിച്ചുള്ള അപകടങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെങ്കിലും പലപ്പോഴും ഡ്രൈവർമാരുടെ അശ്രദ്ധയാണ് ദുരന്തത്തിലേക്കു നയിക്കുന്നത്. പ്രധാന പാതകളിലടക്കം റോഡ് മുറിച്ചുകടക്കുമ്പോൾ പൗരന്മാരും താമസക്കാരും ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
അശ്രദ്ധയോടെയോ മുൻകരുതലില്ലാതെയോ വാഹനം ഓടിച്ചാൽ ഒരു മാസംവരെയുള്ള തടവും 300 റിയാലിൽ കൂടാത്ത പിഴയുമാണ് ശിക്ഷ. അല്ലെങ്കിൽ ഈ രണ്ടു പിഴകളിൽ ഒന്ന് ഈടാക്കും. വാഹനമിടിച്ച് പരിക്കേറ്റയാൾക്ക് ജോലിയിൽനിന്ന് 30 ദിവസത്തിൽ കൂടുതൽ വിട്ടുനിൽക്കുകയോ മറ്റോ ചെയ്യേണ്ടി വരുകയാണെങ്കിൽ ഡ്രൈവർക്ക് മൂന്നു മാസംവരെയുള്ള തടവും 500 റിയാലിൽ കൂടാത്ത പിഴയും ലഭിക്കും. അപകടം ഇനി ഒരു വ്യക്തിയുടെ മരണത്തിൽ കലാശിച്ചാൽ, ഡ്രൈവർക്ക് മൂന്നു മാസം മുതൽ ഒരു വർഷത്തിൽ കൂടാത്ത തടവും 2000 റിയാൽവരെ പിഴയും ശിക്ഷയായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

