മസ്കത്ത്: ഷിനാസിൽ തിങ്കളാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശികളായ കുട്ടികൾ മരിച്ചു. ഷിനാസ് വൊക്കേഷൻ കോളജ് അധ്യാപകനായ തഞ്ചാവൂർ സ്വദേശി കണ്ണൻ സുഭാഷിെൻറ മക്കളായ ചന്ദ്രിക (ആറു വയസ്സ്), രോഹിത് (നാലു വയസ്സ്) എന്നിവരാണ് മരിച്ചത്. കണ്ണനും ഭാര്യ മഞ്ജുളക്കും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ ഗുരുതര പരിക്കേറ്റ കണ്ണനെ തിങ്കളാഴ്ച അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. െഎ.സി.യുവിലുള്ള കണ്ണൻ അപകട നില തരണം ചെയ്തതായി സഹപ്രവർത്തകനായ അബ്ദുറഹ്മാൻ പറഞ്ഞു.മഞ്ജുളയുടെ പരിക്ക് സാരമുള്ളതല്ല.
സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ ഏതാണ്ട് ഒരുമാസം മുമ്പാണ് മഞ്ജുളയും കുട്ടികളും ഒമാനിലെത്തിയത്. മേയ് അവസാനം തിരിച്ചുപോകാനിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഷിനാസ് മാളിൽനിന്ന് താമസ സ്ഥലത്തേക്ക് പോകുേമ്പാൾ റൗണ്ട് എബൗട്ടിന് സമീപമുള്ള സർവിസ് റോഡിലാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലാൻഡ് ക്രൂയിസർ ഇടിക്കുകയായിരുന്നു. കുട്ടികൾ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.