ജബൽ അഖ്ദറിൽ വാഹനാപകടം; മൂന്നു വിദ്യാർഥികൾ മരിച്ചു
text_fieldsമസ്കത്ത്: ജബൽ അഖ്ദറിൽ വാഹനാപകടത്തിൽ മൂന്നു സ്വദേശി സ്കൂൾ വിദ്യാർഥികൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം.
അബൂ യസീദ് അൽ റിയാമി സ്കൂളിലെ വിദ്യാർഥികളുമായി പോവുകയായിരുന്ന ലാൻഡ് ക്രൂയിസർ വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഒമ്പതുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു കുട്ടികളുടെ നില ഗുരുതരമാണ്. ഇവർ നിസ്വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഡ്രൈവറടക്കം 12ഒാളം പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
സാമാന്യം നല്ല പരിേക്കറ്റ മറ്റുള്ളവരും നിസ്വ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥികളെ പതിവായി കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർക്ക് ശ്രദ്ധ തെറ്റിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്ന് കരുതുന്നു. അപകടസ്ഥലത്ത് സുരക്ഷാ ബാരിയറുകളും ഉണ്ടായിരുന്നില്ല. വാഹനം ഏതാണ്ട് പൂർണമായി തകർന്ന നിലയിലാണ്. അപകടവിവരം പുറത്തറിയാൻ വൈകിയതായും കരുതുന്നു.
8.25ഒാടെ പൊലീസ് ഹെലികോപ്ടറിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ജബൽ അഖ്ദറിലെ ഹെൽത്ത് സെൻററിൽ പ്രാഥമിക ചികിത്സ നൽകിയശേഷം നിസ്വ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മരിച്ച കുട്ടികളുടെ കുടുംബങ്ങെള അനുശോചനം അറിയിച്ച റോയൽ ഒമാൻ പൊലീസ്, പർവത പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അഭ്യർഥിച്ചു. അമിതവേഗവും അനധികൃത മറികടക്കലും ഇത്തരം പ്രദേശങ്ങളിൽ ഒഴിവാക്കണമെന്നും ആർ.ഒ.പി ട്വിറ്ററിൽ അറിയിച്ചു. അപകടത്തിെൻറ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
