തിവിയിൽ വാഹനാപകടം; ആറു മലയാളികൾക്ക് പരിക്ക്
text_fieldsസൂർ: തിവിയിലുണ്ടായ വാഹനാപകടത്തിൽ കുഞ്ഞടക്കം ആറു മലയാളികൾക്ക് പരിക്കേറ്റു. 15 വയസ്സുകാരെൻറ നില ഗുരുതരമാണ്. വിനോദയാത്രക്കായി വന്നവരാണ് അപകടത്തിൽപെട്ടത്. റോഡരികിൽ വാഹനം നിർത്തി ഫോേട്ടായെടുക്കവേ സ്വദേശി യുവാക്കളുടെ കാർ ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടയർ പൊട്ടി നിയന്ത്രണം വിട്ടതാണ് അപകട കാരണം.
റോയൽ ആശുപത്രിയിലെ നഴ്സുമാരായ സോണി, സനു, ഷിജി എന്നിവരും കുടുംബാംഗങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. കോട്ടയം, കണ്ണൂർ സ്വദേശികളായ ഇവർ മസ്കത്തിൽനിന്ന് രണ്ടു കാറുകളിലായാണ് വന്നത്. ഷിജിയുടെ മകനും ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ പത്താംതരം വിദ്യാർഥിയുമായ അതുലിന് തലക്ക് ഗുരുതര പരിേക്കറ്റിരുന്നു.
സൂർ ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിലുള്ള അതുലിെൻറ നില ഭദ്രമാണെന്ന് ഡോക്ടർമാർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അറിയിച്ചു. ഷിജിയുടെ ഭർത്താവ് സണ്ണി, സോണി, സനു, വരുൺ, ഒന്നര വയസ്സുകാരനായ നെസ്ബിറ്റ് എന്നിവരാണ് പരിക്കുള്ള മറ്റുള്ളവർ. ഇതിൽ സണ്ണിക്ക് സ്പൈനൽ കോഡിനാണ് പരിക്കേറ്റത്.
ബാക്കി നാലുപേർക്ക് നിസ്സാര പരിക്കാണ് ഉള്ളത്. സംഘത്തിലെ മൂന്നു സ്ത്രീകളും അപകടസമയത്ത് കാറിലായിരുന്നതിനാൽ പരിക്കേറ്റില്ല. കാറിന് പിന്നിലിടിച്ച ശേഷമാണ് ഫോേട്ടായെടുക്കുന്നവർക്കിടയിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ അതുൽ തെറിച്ചുപോയതാണ് ഗുരുതര പരിക്കേൽക്കാൻ കാരണമായത്.
പൊതു അവധിക്ക് മുന്നോടിയായുള്ള വാരാന്ത്യത്തിൽ തേടിയെത്തിയ അപകട വാർത്ത മസ്കത്തിലെ മലയാളി സമൂഹത്തെ പരിഭ്രാന്തിയിലാഴ്ത്തി. ഉച്ചക്ക് ശേഷമാണ് അപകടത്തിൽപെട്ടവരെ കുറിച്ച വിവരങ്ങൾ ലഭ്യമായത്. സൂറിലെ മലയാളി സാമൂഹിക പ്രവർത്തകർ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
