ഒട്ടകങ്ങളുമായി കൂട്ടിയിടിച്ച് അപകടം; കഴിഞ്ഞ വർഷം പൊലിഞ്ഞത് 17 ജീവനുകൾ
text_fieldsമസ്കത്ത്: അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കഴിഞ്ഞവർഷം രാജ്യത്ത് ജീവൻ നഷ്ടമായത് 17 പേർക്ക്. 58 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ആകെ 57 അപകടങ്ങളാണ് കഴിഞ്ഞ വർഷം വിവിധ പ്രദേശങ്ങളിലായി നടന്നത്. മുൻവർഷത്തേക്കാൾ 39 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത് എന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. ഇതിൽ ഇരുപതോളം അപകടങ്ങൾ നടന്നത് ദോഫാർ ഗവർണറേറ്റിലാണ്.
2021ൽ 11 പേരായിരുന്നു മരിച്ചിരുന്നത്. 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിൽതന്നെയായിരുന്നു ഏറ്റവും കൂടുതൽ അപകടങ്ങൾ രേഖപ്പെടുത്തിയിരുന്നത്. 20 അപകടങ്ങളാണ് ദോഫാറിന്റെ വിവിധ പ്രദേശങ്ങളിലായി 2021ൽ നടന്നത്. അതേസമയം അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കണ്ടുകെട്ടുന്നതിനും നിയന്ത്രിക്കുന്നതിനുമായി വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ ഫീൽഡ് കാമ്പയിനുകൾ നടത്താറുണ്ട്.
ഇത്തരം മൃഗങ്ങൾ വരുത്തുന്ന നാശത്തെക്കുറിച്ച് മുനിസിപ്പൽ ഉദ്യോഗസ്ഥർ, മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന സ്ഥലങ്ങളിലെ വ്യാപാരികളുമായി സംസാരിക്കുകയും മറ്റും ചെയ്തിരുന്നു. റോഡുപയോഗിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് മൃഗങ്ങളെ അഴിച്ചുവിടരുതെന്ന് വിവിധ മുനിസിപ്പാലിറ്റി ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളിലിടിച്ച് രാത്രിയിലുണ്ടാകുന്ന വാഹനാപകടങ്ങൾ കുറക്കാൻ വടക്കൻ ബാത്തിനയിൽ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഒട്ടകങ്ങളെ അണിയിക്കുന്നതിനായി ഉയർന്ന ദൃശ്യപരതയുള്ള സ്ട്രാപ്പുകളും പ്രതിഫലന കോളറുകളും നൽകി തുടങ്ങിയിട്ടുണ്ട്. ഗവർണറേറ്റിലെ ഒട്ടകങ്ങളിൽ ആകെ 10,656 റിഫ്ലക്ടിവ് സ്ട്രാപ്പുകൾ ഘടിപ്പിക്കുമെന്ന് വടക്കൻ ബാത്തിനയിലെ അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ഡയറക്ടർ ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ഹദാബി അറിയിച്ചു.
രാത്രിയിൽ വാഹനത്തിൽ വരുന്നവർക്ക് റോഡുകളിലെ ഒട്ടകങ്ങളുടെ സാന്നിധ്യത്തെ തിരിച്ചറിയാൻ ഈ സ്ട്രാപ്പുകൾ സഹായിക്കും. ഗവർണറേറ്റിൽ അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും വാഹനാപകടങ്ങൾ കുറക്കാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
അലഞ്ഞുതിരിക്കുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ 2021ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വഴിതെറ്റിപ്പോയതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങളുടെ നിർവചനത്തിൽ ഒട്ടകങ്ങൾ, കുതിരകൾ, പശുക്കൾ, ആട്, ആടുകൾ അല്ലെങ്കിൽ മേൽനോട്ടമില്ലാതെ അലഞ്ഞുതിരിയാൻ ഉടമ ഉപേക്ഷിച്ച മൃഗങ്ങളും ഉൾപ്പെടും. ഇങ്ങനെ പിടികൂടുന്ന ഓരോ ഒട്ടകത്തിനും കുതിരക്കും പശുവിനും പ്രതിദിനം 15 റിയാലും ആട് അല്ലെങ്കിൽ മറ്റേതെങ്കിലും മൃഗത്തിന് അഞ്ചും നിയമലംഘകരിൽ നിന്ന് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിക്ക് ഈടാക്കാവുന്നതാണ്. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
ഒമാനിൽ 2,42,833 ഒട്ടകങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഏറ്റവും കൂടുതൽ ഒട്ടകങ്ങളുള്ളത് ദോഫാറാണ്- 1,45,875, വടക്കൻ ശർഖിയ- 21,577.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

