എ.സി.സി എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ്: ഒമാൻ-ബംഗ്ലാദേശ് മത്സരം ഇന്ന്
text_fieldsമസ്കത്ത്: എ.സി.സി എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് 2023 ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിർണായക മത്സരത്തിന് ഒമാൻ ഇന്നിറങ്ങും. കൊളംബോയിലെ സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിൽ ശക്തരായ ബംഗ്ലാദേശാണ് എതിരാളികൾ. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനോട് 72 റൺസിന് പരാജയപ്പെട്ടിരുന്നു. ടൂർണമെന്റിൽ ഇന്ന് വിജയിച്ചാൽ മാത്രമേ മുന്നോട്ടുള്ള പോക്ക് സുഗമമാവുകയുള്ളു. പ്രാദേശിക സമയം 8.30നാണ് മത്സരം. ആദ്യകളിയിൽ ബൗളമാർ താരതമ്യേന മികച്ച പ്രകടനം നടത്തിയെങ്കിലും ബാറ്റർമാർ ഫോം കണ്ടെത്താനാകാത്തതാണ് തിരിച്ചടിയായത്.
ആദ്യ കളിയിൽ നിന്ന് വ്യത്യസ്തമായി ഓപണർമാർ നല്ല തുടക്കമിടുകയും ബൗളർമാർ ഫോം തുടരുകയും ചെയ്യുകയാണെങ്കിൽ ഇന്നത്തെ മത്സരം തങ്ങളുടെ വരുതിയിലാക്കാമെന്ന പ്രതീക്ഷയിലാണ് ഒമാൻ ഇറങ്ങുന്നത്. ടീമിൽ ചില മാറ്റങ്ങൾക്ക് കോച്ച് മുതിർന്നേക്കും. ആദ്യകളിയിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 267 റൺസിനെതിരെ ഒമാന്‍ 195 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അയാന് (47), ശുഐബ് (47), ഇല്യാസ് (39) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഒമാന്റെ അവസാന മത്സരം 18ന് ആതിഥേയരായ ശ്രീലങ്കക്കെതിരെ നടക്കും.

