അൽഖുവൈറിൽ എ.സി ബസ്സ്റ്റേഷൻ നിർമാണം ആരംഭിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യ എയർകണ്ടീഷൻഡ് ബസ്സ്റ്റേഷനുകളുടെ നിർമാണം ആരംഭിച്ചതായി മുവാസലാത്ത് അറിയിച്ചു. അൽഖുവൈറിൽ രണ്ട് സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. മൊബൈൽ ഫോൺ റീചാർജിങ്, സേവന ബില്ല് അടക്കൽ, ഫോൺ ചാർജിങ് എന്നിവയടക്കം വിവിധ സൗകര്യങ്ങളോടുകൂടിയതാകും ഇൗ ബസ്സ്റ്റേഷനുകൾ. റൂട്ടിലോടുന്ന ബസുകളുടെ സമയക്രമമടക്കം പ്രദർശിപ്പിക്കുന്ന ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡും ഇവിടെയുണ്ടാകും. സുരക്ഷക്കായി സി.സി.ടി.വി കാമറകളും ഉണ്ടാകുമെന്ന് മുവാസലാത്ത് വക്താവ് പറഞ്ഞു.
ബസ് കാത്തുനിൽക്കുന്നവർക്ക് കടുത്ത വേനൽചൂടിൽനിന്ന് ആശ്വാസം പകരാൻ ഇത്തരം ബസ്സ്റ്റേഷനുകൾക്ക് കഴിയും. ഇതുവഴി കൂടുതൽ യാത്രക്കാരെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനായി ആകർഷിക്കാൻ കഴിയും. ഘട്ടംഘട്ടമായി കൂടുതൽ ബസ്സ്റ്റേഷനുകൾ നിർമിക്കാനാണ് പദ്ധതി. താൽപര്യമുള്ള കമ്പനികൾക്ക് സ്റ്റേഷനുകൾ ലീസിന് നൽകാനും പദ്ധതിയുണ്ട്. അൽഖുവൈറിലെ രണ്ട് ബസ്സ്റ്റേഷനുകളും ഒമാൻടെല്ലിനാണ് ലീസിന് നൽകിയിരിക്കുന്നതെന്ന് മുവാസലാത്ത് വക്താവ് അറിയിച്ചു.
ബസുകളിൽ സൗജന്യ വൈെഫെ സേവനം ലഭ്യമാക്കുന്നതിനൊപ്പം അൽ ഖുവൈറിലെ ബസ്സ്റ്റേഷനുകളിൽ വിവിധ സേവനങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മുവാസലാത്തുമായി പങ്കാളിത്ത കരാറിൽ ഏർപ്പെട്ടതായി ഒമാൻടെൽ കോർപറേറ്റ് അഫെയേഴ്സ് സീനിയർ മാനേജർ മുഹമ്മദ് അൽ സൽമി പറഞ്ഞു. പ്രീപെയിഡ് സർവിസുകളുടെ റീചാർജിന് ഒപ്പം മസ്കത്ത് ഇലക്ട്രിസിറ്റി കമ്പനി, മജാൻ ഇലക്ട്രിസിറ്റി കമ്പനി ഉപഭോക്താക്കളുടെ ബിൽതുക അടക്കാനും ഇവിടെ സൗകര്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.