ഒമാനിൽ അബലോൺ മത്സ്യബന്ധനത്തിന് 2027 നവംബർ ഒന്ന് വരെ നിരോധനം
text_fieldsമസ്കത്ത്: ഒമാനിൽ അബലോൺ മത്സ്യബന്ധനത്തിന് 2027 നവംബർ ഒന്ന് വരെ നിരോധനമെന്ന് കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം. മന്ത്രി സൗദ് ബിൻ ഹമൂദ് അൽ ഹബ്സി പുറപ്പെടുവിച്ച 264/2026 നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം, നിരോധന കാലയളവിൽ അബലോൺ കൊണ്ടുപോകുന്നതും വാങ്ങുന്നതും വിൽക്കുന്നതും കയറ്റുമതി ചെയ്യുന്നതും ഉൾപ്പെടെയുള്ള ഇടപാടുകൾക്കും വിലക്കുണ്ട്.
അബലോൺ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മത്സ്യബന്ധന ബോട്ടുകളിലും കപ്പലുകളിലും തീരപ്രദേശങ്ങളിലും മത്സ്യബന്ധന കേന്ദ്രങ്ങൾക്ക് സമീപവും സൂക്ഷിക്കുന്നത് നിരോധിച്ചു. എന്നാൽ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിയമാനുസൃതമായി ശേഖരിച്ച അബലോണിന് ഇളവുണ്ട്.
ഇവ വിൽക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ബന്ധപ്പെട്ട അധികൃതരുടെ അനുമതി നിർബന്ധമാണ്.അമിതവും നിയമവിരുദ്ധവുമായ മത്സ്യബന്ധനം മൂലം അബലോൺ സമ്പത്തിനുണ്ടാകുന്ന കുറവ് നികത്തുകയും സമുദ്രവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുകയാണ് നിരോധനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

