വാദി അദാനിബ് അണക്കെട്ട് അടുത്ത വർഷം
text_fieldsനിർമാണം പുരോഗമിക്കുന്ന വാദി അദാനിബ്
സലാല: രാജ്യത്തെ ഏറ്റവും ഉയരമുള്ള അണക്കെട്ട് നിർമാണം ദോഫാർ ഗവർണറേറ്റിലെ സലാലയിൽ പുരോഗമിക്കുന്നു. വെള്ളപ്പൊക്ക സംരക്ഷണ പദ്ധതിയുടെ ഭാഗമായ അണക്കെട്ട് 2024 ജൂലൈയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സലാല തുറമുഖം, സലാല ഫ്രീ സോൺ, റെയ്സുത് ഇൻഡസ്ട്രിയൽ സിറ്റി എന്നിവയടക്കം സുപ്രധാന മേഖലകൾ കടുത്ത വെള്ളപ്പൊക്കത്തിൽനിന്ന് സുരക്ഷിതമാക്കാൻ സഹായിക്കുന്ന പദ്ധതിയാണിത്.
പ്രശസ്ത സിവിൽ കൺസ്ട്രക്ഷൻ സ്ഥാപനമായ എ.സെഡ് എൻജിനിയേഴ്സ് ആൻഡ് പാർട്ണേഴ്സ് എൽ.എൽ.സിയാണ് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിനുവേണ്ടി ഡാമിന്റെ നിർമാണം നടത്തുന്നത്. 2.39 കോടി ഒമാൻ റിയാലാണ് പദ്ധതി ചെലവ്. സലാലയിലെ ഏറ്റവും വലിയ വാദികളിൽ ഒന്നായ വാദി അദാനിബിൽ 386 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് അണക്കെട്ട് നിർമിക്കുന്നത്. തെക്കൻ ഒമാനിലും അയൽരാജ്യമായ യമനിലും വീശിയടിച്ച മെകുനു ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടമുണ്ടായ സംഭവത്തിന് രണ്ടു വർഷത്തിനു ശേഷം 2020ലാണ് ഡാം നിർമാണം പ്രഖ്യാപിച്ചത്.
ചുഴലിക്കാറ്റിൽ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളും ഫാമുകളും തകരുകയും വെള്ളവും ചളിയും സലാല തുറമുഖത്തിന്റെ പ്രവർത്തനങ്ങളെ മാസങ്ങളോളം ബാധിക്കുകയും ചെയ്തിരുന്നു.അടുത്ത വർഷം പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ ഒമാനിലെ ഏറ്റവും വലിയ അണക്കെട്ടായി ഇത് മാറും. ഉയരം കണക്കിലെടുക്കുമ്പോൾ ഇത് മസ്കത്ത് ഗവർണറേറ്റിലെ വാദി ദഖ്യാ അണക്കെട്ടിനെ മറികടക്കും. റിസർവോയർ ശേഷിയുടെ കാര്യത്തിൽ നിലവിൽ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടാണ് വാദി ദുഖ്യയിലേത്.
വാദി അദാനിബ് അണക്കെട്ടിന്റെ ഇൻടേക് ടവർ ഒമാനിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കോൺക്രീറ്റ് ഘടനയായിരിക്കും. നിലവിൽ മസ്കത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്ക്കിന്റെ മിനാരങ്ങളാണ് ഏറ്റവും ഉയരം കൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

