തെക്കൻ ശർഖിയയിൽ ടൂറിസ്റ്റ് കോംപ്ലക്സ് നിർമിക്കും
text_fieldsമസ്കത്ത്: ടൂറിസം വികസിപ്പിക്കാനും ദേശീയവരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ഒമാൻ ടൂറിസം ഡെവലപ്‌മെന്റ് കമ്പനി തെക്കൻ ശർഖിയയിൽ ടൂറിസ്റ്റ് കോംപ്ലക്സ് നിർമിക്കും. ഗവർണറേറ്റിലെ സുവൈഹ് ഏരിയയിൽ ടൂറിസം സേവനസമുച്ചയത്തിന്റെ രൂപകല്പനയും നടത്തിപ്പും സംബന്ധിച്ച നിർദേശം സമർപ്പിക്കാൻ കമ്പനികളെ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 22 ആണ്. ഒമ്രാൻ, പൈതൃക, ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് ദോഫാറിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും വികസിപ്പിക്കുന്നുണ്ട്. തെക്കൻ ശർഖിയയിലെ സുവൈഹ് ഏരിയയിലും അൽ വുസ്ത ഗവർണറേറ്റിലെ മഹൗട്ടിലെ വിലായത്തിലെ ഷാന്നയിലും ടൂറിസ്റ്റ് സേവന സൗകര്യങ്ങൾ സ്ഥാപിക്കും. ദോഫാറിലും സമാനമായ സൗകര്യങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രി മുഹമ്മദ് അൽ മഹ്‌റൂഖി അറിയിച്ചു.
വിവിധ ഗവർണറേറ്റുകളിൽ വൈവിധ്യമാർന്ന ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതി ക്രമാനുഗതമായി നടപ്പാക്കിവരുകയാണെന്ന് മന്ത്രി പറഞ്ഞു. ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ നിരവധി ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നതിന് തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി കഴിഞ്ഞമാസം ഒമ്രാൻ സഹകരണക്കാരാറിൽ ഒപ്പുവെച്ചരുന്നു.
കരാർപ്രകാരം ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന പദ്ധതികളുടെ നടത്തിപ്പിനുള്ള സാങ്കേതികപിന്തുണയും മേൽനോട്ടവും ഒമ്രാൻ നൽകും. സുവൈഹ് പ്രദേശത്ത് 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പാർക്ക് നിർമിക്കുന്നതാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. അൽ അഷ്ഖറയിൽ 14,000 ചതുരശ്ര മീറ്ററിൽ മറ്റൊരു പാർക്കും വികസിപ്പിക്കും.
ഈ രണ്ടു പാർക്കുകളിലും ഡൈനിഡങ് ഏരിയകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ക്യാമ്പിങ് സൈറ്റുകൾ എന്നിവയുൾപ്പെടെ വിവിധ വിനോദസഞ്ചാര, സൗകര്യങ്ങളും ഒരുക്കും.

