പ്രവാസി തൊഴിലാളികൾക്ക് ‘സേവിങ് സിസ്റ്റം’ നടപ്പാക്കുന്നു
text_fieldsമസ്കത്ത്: പ്രവാസികൾക്ക് സേവിങ് സിസ്റ്റം നടപ്പാക്കാൻ ഒമാൻ ഒരുങ്ങുന്നു. സാമൂഹിക സംരക്ഷണ നിയമം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട രാജകീയ ഉത്തരവുകളിലെ (52/2023) ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഉത്തരവിലാണ് (60/2025) ഇക്കാര്യം പറയുന്നത്. പ്രവാസി ഇൻഷുര്‍ ചെയ്ത വ്യക്തിക്ക് പ്രതിമാസ അടിസ്ഥാനവേതനത്തിന്റെ ഒമ്പത് ശതമാനം ധനസഹായം നല്കുന്ന സേവിങ്സ് സിസ്റ്റം നടപ്പാക്കുന്നത് 2027 മുതലാക്കി മാറ്റുന്നതാണ് രാജകീയ ഉത്തരവുകളില്‍ ഒന്ന്.
നേരത്തേ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2026ൽ നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പ്രവാസി തൊഴിലാളികള്‍ക്കായി വര്‍ക്ക് ഇന്‍ജ്വറി ആൻഡ് ഒക്യുപ്പേഷനല്‍ ഡിസീസ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത് 2026ൽ നിന്ന് 2028ലേക്ക് നീട്ടിയതായും പുതിയ ഉത്തരവില്‍ പറയുന്നു. അസുഖഅവധിയും അസാധാരണ അവധിയും സംബന്ധിച്ച ഉത്തരവുകള്‍ അടുത്തവര്‍ഷം ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്കുള്ള സമ്പാദ്യസംവിധാനം 2027 ജൂലൈ 19 മുതലും പ്രാബല്യത്തിലാകും.
സ്വദേശി ജീവനക്കാര്‍ക്കുള്ള സമാന വ്യവസ്ഥകളോടെ പ്രവാസി തൊഴിലാളികള്‍ക്കും സാമൂഹികസുരക്ഷ, ജോലിക്കിടയിലെ പരിക്ക്, മാറ്റേണിറ്റി, രോഗം തുടങ്ങിയവക്ക് ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന രാജകീയ ഉത്തരവ് 2023 ജൂലൈയിലാണ് പ്രഖ്യാപിച്ചത്.
നിയമപ്രകാരം വിശാലമായ സുരക്ഷയാണ് സ്വദേശികള്‍ക്കുള്ളത്. എന്നാല്‍, ചില ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭിക്കും. സേവനത്തിന്റെ അവസാനമുള്ള ഗ്രാന്റ് അല്ലെങ്കില്‍ ഗ്രാറ്റ്വിറ്റി എന്നിവക്ക് പകരം സേവിങ് സമ്പ്രദായം കൊണ്ടുവന്നതും പ്രധാന മാറ്റമാണ്. തൊഴിലുടമയാണ് സേവിങ്സ് നല്‍കേണ്ടത്. നിശ്ചിത വിഹിതം തൊഴിലാളിയും നല്‍കണം.
സേവിങ്സ് സമ്പ്രദായം താഴെ പറയും പ്രകാരമാണ് തൊഴിലാളിയുടെ പ്രതിമാസവിഹിതം അടിസ്ഥാന ശമ്പളത്തിന്റെ ഒമ്പത് ശതമാനമായിരിക്കും സേവിങ്സ് സംവിധാനത്തിലേക്ക് തൊഴിലുടമയോ മറ്റാരെങ്കിലുമോ നല്കുന്ന ഏതൊരു തുകയും ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കണം, സമ്മാനങ്ങള്‍, ഒസ്യത്ത്, സംഭാവനകള്‍ ഇതിനായി നല്‍കാം. എന്നാല്‍ അത് ബന്ധപ്പെട്ട കൗണ്‍സില്‍ അംഗീകരിക്കണം
ധനമന്ത്രാലയത്തിന്റെ അനുമതിക്ക് ശേഷമായിരിക്കണം സേവിങ്സ് സിസ്റ്റത്തിലേക്ക് കൗണ്‍സില്‍ വായ്പകള്‍ അനുവദിക്കേണ്ടത്.
നിശ്ചിത തീയതിക്കകം തൊഴിലുടമ വിഹിതം അടക്കണം. ഇത് ലംഘിച്ചാല്‍ അധിക തുക അടക്കേണ്ടി വരും. വ്യക്തിഗത അക്കൗണ്ടില്‍ നിക്ഷേപിച്ച മുഴുവന്‍ വിഹിതത്തിന്റെയും നിക്ഷേപത്തിന്റെയും ഉടമസ്ഥാവകാശം തൊഴിലാളിക്കായിരിക്കും. നിക്ഷേപത്തിലെ വരുമാനവും തൊഴിലാളിക്കായിരിക്കും. നിക്ഷേപ വരുമാനത്തിന് ഏറ്റവും കുറഞ്ഞ നില കൊണ്ടുവരും. പ്രതിമാസ, വാര്‍ഷിക കുടിശ്ശികകളായി അടക്കാം.
തൊഴിലുടമയുമായുള്ള തൊഴില്‍ബന്ധം അവസാനിക്കുന്നതോടെ ഫണ്ടിന്റെ ഉടമസ്ഥാവകാശം തൊഴിലാളിക്ക് ലഭിക്കും. മറ്റൊരു തൊഴില്‍ കരാറുമായി അക്കൗണ്ട് ലിങ്ക് ചെയ്തില്ലെങ്കിലാണിത്. മാസതവണകളായുള്ള അടവോ നിക്ഷേപമോ കുറഞ്ഞത് 180 മാസത്തേക്ക് (15 വര്‍ഷം) ആയിരിക്കണം. തൊഴിലാളി മരിച്ചാല്‍ അനന്തരാവകാശികള്‍ക്ക് സേവിങ്സ് ലഭിക്കും. ഗുണഭോക്താക്കളില്ലെങ്കില് സേവിങ് സിസ്റ്റത്തിലേക്ക് തുക മാറ്റും. ജോലി ചെയ്യാന്‍ സാധിക്കാത്തവിധം സ്ഥിര വൈകല്യം സംഭവിച്ചാലും സേവിങ്സ് ഉടമസ്ഥാവകാശം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

