മരുഭൂമിയിലെ താളവിസ്മയം; സുഹാറിൽ പഞ്ചാരിമേളം അരങ്ങേറ്റം
text_fieldsസുഹാറിൽ നടന്ന ‘വാദ്യലയം 2026’ അരങ്ങേറ്റത്തിൽനിന്ന്
സുഹാർ: മലയാളത്തിന്റെ തനത് വാദ്യകലയായ പഞ്ചാരിമേളം പ്രവാസമണ്ണിലും പെയ്തിറങ്ങി. വാദ്യലയം 2026 എന്ന പേരിൽ സുഹാറിലെ ഗ്രീൻ ഒയാസിസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന വിപുലമായ ചടങ്ങിൽ ഒരു വനിതയടക്കം 11പേരടങ്ങുന്ന സംഘമാണ് മേളത്തിൽ അരങ്ങേറ്റം കുറിച്ചത്. ചിട്ടയായ പരിശീലനത്തിനും മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനും ശേഷം നടന്ന അരങ്ങേറ്റത്തിൽ കണ്ണൻ നമ്പ്യാർ, വിനോദ് മറ്റം, ഗീത കണ്ണൻ, ലിജു ബാലകൃഷ്ണൻ, സഞ്ജീവ് സോമശേഖരൻ, അനീഷ് ഏറാടത്ത്, അഭിജിത്ത് നാരായൺ, സതീഷ് ബാബു, അനുജ് വർമ, ബിജു ബാലൻ, ആദിത്ത് സന്തോഷ് എന്നിങ്ങനെ വാദ്യകലാകാരന്മാരാണ് അരങ്ങേറ്റം കുറിച്ചത്. ഏകോപിതവും താളാത്മകവുമായ പ്രകടനം മേളാസ്വാദകരെ ആവേശഭരിതരാക്കി.
ഗുരു പ്രസാദ് അയിലൂർ നയിച്ച മേളത്തിൽ കേരളത്തിൽ നിന്നെത്തിയ വാദ്യകലാകാരന്മാരായ കല്ലൂർ ഉണ്ണികൃഷ്ണൻ മാരാർ, കല്ലൂർ ജയൻ, പട്ടിക്കാട് അജി, അഖിൽ മാരാർ, രാജേഷ്കുമാർ എന്നിവരോടൊപ്പം മേളം മസ്കത്ത് ടീമിലെ 50 ഓളം വാദ്യകലാകാരന്മാരും പങ്കെടുത്തു.മേളം മസ്കത്ത് - സുഹാർ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടി ചിട്ടയായ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല, സുഹാർ മലയാളി സംഘം പ്രസിഡന്റ് മനോജ്കുമാർ, നവചേതന സെക്രട്ടറി ഹരികൃഷ്ണൻ, കൂടാതെ പവി ഗോവിന്ദ്, ജോൺ സക്കറിയ, ഹാഷിം, ബഷീർ, ബിപിൻ രവീന്ദ്രൻ എന്നിവർ ആശംസ നേർന്നു.
വാദ്യകലയിൽ സുഹാറിൽനിന്നുള്ള ആദ്യ ബാച്ച് നടത്തിയ ഈ പ്രകടനം വിദേശത്തും കേരളത്തിന്റെ ചെണ്ടമേള പാരമ്പര്യം ശക്തമായി തുടരുന്നുവെന്നതിന്റെ തെളിവായി മാറി. മേളം മസ്കത്ത് പ്രതിനിധി രമേശ് പാലക്കൽ സ്വാഗതവും സുഹാർ പ്രതിനിധി അഭിജിത് നാരായൺ നന്ദിയും പറഞ്ഞു.
വാദ്യസംഘത്തിൽ ഏക വനിത സാന്നിധ്യമായി ഗീത കണ്ണൻ
സുഹാർ: സുഹാറിൽ അരങ്ങേറ്റം കുറിച്ച വാദ്യസംഘത്തിലെ പെൺസാന്നിധ്യമായി ഗീത കണ്ണൻ ശ്രദ്ധേയയായി. കഠിനമായ പരിശീലനത്തിലൂടെയും ആത്മസമർപ്പണത്തിലൂടെയുമാണ് ഗീത പഞ്ചാരിമേളത്തിന്റെ സങ്കീർണമായ താളക്രമങ്ങൾ വശമാക്കിയത്. പ്രവാസ ജീവിതത്തിലെ തിരക്കുകൾക്കിടയിലും കലയെ നെഞ്ചേറ്റുന്ന ഒരുകൂട്ടം ആളുകൾക്ക് ഗീതയുടെ ഈ നേട്ടം വലിയ ആവേശമാണ് നൽകുന്നത്. 10 പുരുഷ കലാകാരന്മാർക്കൊപ്പം ഒരേ വേഗത്തിലും താളത്തിലും ഗീത ചെണ്ടയിൽ താളം തീർത്തപ്പോൾ അത് കാണികളിൽ അത്ഭുതവും അഭിമാനവും ഉളവാക്കി.
ഗീതയും കണ്ണനും പഞ്ചാരിമേളത്തിന്റെ അരങ്ങേറ്റത്തിനിടെ
കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിദേശ മണ്ണിലും തനിമ ചോരാതെ കാത്തുസൂക്ഷിക്കുന്ന ഇത്തരം പരിശ്രമങ്ങൾ പ്രശംസനീയമാണ്. ഗീത കണ്ണനും സംഘത്തിനും മലയാളികളുടെയും പ്രവാസി സമൂഹത്തിന്റെയും അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാലക്കാട് സ്വദേശിനിയായ ഗീത 29 വർഷമായി സുഹാറിലാണ് താമസം. ഭർത്താവ് കണ്ണനും അരങ്ങേറ്റത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

