ദാർസൈത്തിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം
text_fieldsദാർസൈത്തിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനുള്ള സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിന്‍റെ ശ്രമം
മസ്കത്ത്: തലസ്ഥാന നഗരിയിലെ മത്ര വിലായത്തിലെ ദാർസൈത്തിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ബുധനാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായതെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.
കെട്ടിടത്തിൽനിന്നു നാലുപേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് ഇവരെ പുറത്തെത്തിക്കുകയായിരുന്നു. ഉടൻ പ്രാഥമിക ചികിത്സ ലഭ്യമാക്കി. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സി.ഡി.എ.എ അധികൃതർ അറിയിച്ചു.
തീ ആളിപടർന്നതോടെ സമീപത്തെ കടകൾ അടക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. നഗരത്തിൽ കറുത്ത പുക ഉയർന്നത് സമീപവാസികളെയും കച്ചവടക്കാരെയും ആശങ്കയിലാക്കി. കെട്ടിടത്തിന് സമീപത്ത് കൂട്ടംകൂടി നിന്നവരെയും റോയൽ ഒമാൻ പൊലീസ് ഇവിടെ നിന്നും മാറ്റി. നിരവധി സാധനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്.
മണിക്കൂറുകളോളം പുക ഉയർന്നിരുന്നു. തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മസ്കത്ത് യൂനിറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. ക്രെയിൻ അടക്കമുള്ള സജ്ജീകരണങ്ങൾ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

