ചരിത്രം കുറിച്ച കടൽ യാത്ര; കൗടിന്യ പായ്ക്കപ്പൽ നാളെ മസ്കത്തിൻ തീരമണയും
text_fieldsപോർബന്തറിൽ നിന്ന് യാത്ര പുറപ്പെടും മുമ്പ് പകർത്തിയ കൗടിന്യയുടെ ചിത്രം
മസ്കത്ത്: ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്.വി കൗടിന്യ പായ്ക്കപ്പൽ ബുധനാഴ്ച മസ്കത്തിന്റെ തീരമണയും. ഒമാന്റെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിച്ചു കഴിഞ്ഞ കൗടിന്യ തിങ്കളാഴ്ച സൂറിന്റെ വടക്കുഭാഗത്തെത്തിയിരുന്നു. ബുധനാഴ്ച രാവിലെ മസ്കത്തിന്റെ തീരത്ത് ഇന്ത്യൻ എംബസിയുടെയും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെയും നേതൃത്വത്തിൽ കൗടിന്യക്ക് ഗംഭീര സ്വീകരണമൊരുക്കും.
കഴിഞ്ഞ ഡിസംബർ 29-നാണ് ഗുജറാത്തിലെ പോർബന്തറിൽനിന്ന് മസ്കത്തിലേക്ക് കൗടിന്യ പായ്ക്കപ്പൽ യാത്ര ആരംഭിച്ചത്. പുരാതന കാലത്ത് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സമുദ്ര വ്യാപാരപാതകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ ചരിത്രയാത്ര. ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകം, കപ്പൽ നിർമാണ വൈദഗ്ധ്യം എന്നിവ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക, ഒമാനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ സാംസ്കാരിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നിവകൂടി ഈ ദൗത്യം ലക്ഷ്യമിടുന്നു.
പോർബന്തറിൽനിന്ന് മസ്കത്തിലേക്കുള്ള ചരിത്ര ദൗത്യത്തിനിടെ ഐ.എൻ.എസ്.വി കൗടിന്യ പായ്ക്കപ്പൽ
യന്ത്രസഹായമില്ലാതെ, കാറ്റിനെ മാത്രം ആശ്രയിച്ചുള്ള യാത്ര തിങ്കളാഴ്ചയോടെ 15 നാൾ പിന്നിട്ടു. ഇതിനകം കടലിൽ പലവിധ സാഹചര്യങ്ങളെ കപ്പൽ സംഘത്തിന് നേരിടേണ്ടി വന്നു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് പായ്ക്കപ്പൽ ബുധനാഴ്ച മസ്കത്തിന്റെ തീരമണയുമ്പോൾ ഇന്ത്യൻ പ്രവാസി സമൂഹം സംഘാംഗങ്ങ ളെ ആഘോഷപൂർവം വരവേൽക്കും.
കേരളത്തിൽ നിന്നുള്ള വിദഗ്ധരായ പരമ്പരാഗത കപ്പൽ നിർമാണ തൊഴിലാളികളുടെ നേതൃത്വത്തിലാണ് കപ്പൽ നിർമിച്ചത്. പണ്ടത്തെ രീതിയിൽ ‘തുന്നിച്ചേർത്ത കപ്പൽ’ (സ്റ്റിച്ച്ഡ് ഷിപ്) നിർമാണ സാങ്കേതികവിദ്യ ഉപയോഗിച്ച്, അഞ്ചാം നൂറ്റാണ്ടിലെ അജന്ത ഗുഹാചിത്രങ്ങളിൽ കാണുന്ന കപ്പലുകളുടെ മാതൃകയിലാണ് നിർമാണം പൂർത്തിയാക്കിയത്.
ഒമാനിലെ സൂറിന്റെ വടക്കു കടലിൽനിന്ന് കൗടിന്യ സംഘം പകർത്തിയ സൂര്യാസ്തമയ ദൃശ്യം, കാറ്റുശമിച്ച സമുദ്രത്തിൽ കൗടിന്യ, യാത്രയുടെ പതിനൊന്നാം ദിനത്തിൽ പകർത്തിയ ചിത്രം, യാത്രക്കിടെ കൗടിന്യ സംഘം പകർത്തിയ ചന്ദ്രോദയത്തിന്റെ ചിത്രം.
കപ്പലിന്റെ പലകകൾ തമ്മിൽ ലോഹ ആണികൾ ഉപയോഗിക്കാതെ, ചകിരിയുടെ കയർ ഉപയോഗിച്ച് തുന്നിച്ചേർക്കുകയാണ് ചെയ്തത്. എൻജിനോ ആധുനിക പ്രൊപ്പൽഷൻ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ കാറ്റിന്റെയും തിരമാലകളുടെയും സഹായത്തോടെ മാത്രമാണ് ഇത് സഞ്ചരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 14ന് കർണാടകയലെ ഉത്തര കന്നഡയിലെ കാർവാറിൽനിന്ന് നാവികസേനാംഗങ്ങളുമായി ആദ്യം ഗുജറാത്തിലെ പോർബന്തറിലെത്തിയ പായ്ക്കപ്പൽ ഡിസംബർ 29ന് മസ്കത്ത് തീരം ലക്ഷ്യമാക്കി യാത്ര ആരംഭിക്കുകയായിരുന്നു. പോർബന്തറിൽനിന്ന് അറബിക്കടലിലൂടെ ഏകദേശം 1,400 കിലോമീറ്റർ (1,500 നോട്ടിക്കൽ മൈൽ) ദൂരം സഞ്ചരിച്ചാണ് കൗടിന്യ മസ്കത്തിലെത്തുക. കമാൻഡർ വികാസ് ഷിയോറന്റെ നേതൃത്വത്തിൽ 15 നാവികരാണ് കപ്പലിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

