സ്നേഹത്തിന്റെ നറുനിലാവുമായി സൗഹാർദ സംഗമം
text_fieldsമസ്കത്തിൽ സംഘടിപ്പിച്ച സാദിഖലി ശിഹാബ് തങ്ങളുടെ സൗഹാർദ സംഗമം
മസ്കത്ത്: കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായി മാറിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹസദസ്സ് മസ്കത്തിലും സംഘടിപ്പിക്കപ്പെട്ടു. മസ്കത്തിലെ ഹോർമസ് ഗ്രാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സൗഹാർദ സംഗമം ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സൗഹൃദ സംഗമങ്ങൾ ജനങ്ങൾക്കിടയിലുള്ള അകലവും വിള്ളലുകളും അകറ്റാനുള്ള ഏകമാർഗമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നമ്മൾ സംഘടിക്കുന്നത് ഈ നാടിനും സമൂഹത്തിനും തലമുറയ്ക്കും വേണ്ടിയാണ്. നമ്മൾ അകറ്റിനിർത്തുന്നത് വിദ്വേഷത്തെയാണ്. സ്നേഹത്തെ കൂട്ടുപിടിച്ച് വിദ്വേഷത്തെ അകറ്റി നിർത്തുമ്പോൾ അവിടെയുണ്ടാകുന്ന മൈത്രിയും, മനുഷ്യത്വവും സഹവർത്തിത്വവുമാണെന്ന് തങ്ങൾ സൂചിപ്പിച്ചു.
നബിദിനവും ഓണവും ഒരുമിച്ചുവന്ന ഈ സുദിനം ഇത്തരമൊരു പരിപാടിയിൽ ഒരുമിച്ചു കൂടിയത് പ്രവാസജീവിതത്തിനിടയിൽ ആദ്യത്തെ അനുഭവമാണെന്ന് അധ്യക്ഷപദം അലങ്കരിച്ച ഡോ. പി മുഹമ്മദലി ഗൾഫാർ പങ്കുവെച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സ്വാമി ആത്മദാസ് യമി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഫാദർ ജോർജ് വടക്കൂട്ട്, കെ.പി അബദുൽ കരീം, സി.എച്ച്. റഹീം, ഫാദർ തോമസ് ജോസ് , അഷ്റഫ് ഷാഹി, നിസാർ സഖാഫി, ഡോ. ജെ രത്നകുമാർ, എൻ.ഒ ഉമ്മൻ തുടങ്ങി ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
പ്രവാചകൻ മുഹമ്മദ് നബിയുടെ കാലഘട്ടത്തിൽ മദീനയിലെ പൂർവ്വികരായ ഇതരസമൂഹങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടി ലോകപ്രശസ്തവും പഠനാർഹവുമാണെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ സൂചിപ്പിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരെ ചേർത്തു പിടിച്ച് നടത്തപ്പെടുന്ന ഇത്തരം സ്നേഹസദസ്സുകൾ പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുത്തുക്കോയതങ്ങൾ പറഞ്ഞു. വൈരവും വിദ്വേഷവും വിതച്ച് സമൂഹത്തിൽ ഛിദ്രിത സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നൊരു കാലത്ത് മൈത്രിയും മമതയും സ്നേഹവും പരിരക്ഷിക്കാനും പരിപോഷിപ്പിക്കാനും വേണ്ടി സംഘടിപ്പിക്കപ്പെട്ട ചരിത്രത്തിൽ അതുല്യമായൊരു സംരംഭമാണ് ഇത്തരം സംഗമങ്ങളെന്ന് സ്വാമി ആത്മദാസ് യമി പറഞ്ഞു. സമൂഹത്തിലെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളാക്കി മാറ്റാൻ ശ്രമിക്കാതെ വൈവിധ്യങ്ങളെ യോജിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നു വാഗ്മിയും മതപണ്ഡിതനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹസദസ്സുകൾക്ക് അതിന് സാധ്യമായിട്ടുണ്ടെന്നും ഫൈസി അഭിപ്രായപ്പെട്ടു. സ്നേഹനിധിയായ തങ്ങളുടെ സ്നേഹസദസ്സുകൾ മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്കും, സമൂഹത്തിന്റെ നാനാതുറകളിൽ പൊതുസേവനമർപ്പിക്കുന്ന വിശിഷ്ട വ്യക്തികളെയും ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച സ്നേഹസദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് റയീസ് അഹമ്മദ് നിയന്ത്രിച്ചു. റഹിം വറ്റല്ലൂർ, പി.ടി.കെ ഷമീർ സംഗമത്തിന് നേതൃത്വം നൽകി. സലാല കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്നേഹസദസ്സ് സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സലാല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

