ഒന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലം; രേഖകൾ കത്തി നശിച്ചതിനാൽ നാട്ടിൽ പോകാൻ കഴിയാതെ ഒമാനിൽ കുടുങ്ങിയ ഹസർ നിഷ നാട്ടിലേക്ക് മടങ്ങും
text_fieldsമസ്കത്ത്: പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കത്തി നശിച്ചതിനാൽ 15 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ ഒമാനിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ഒടുവിൽ ആശ്വാസം. ചെന്നൈ മൈലാടുംതുറൈ സ്വദേശിനി ഹസർ നിഷയുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനാണ് ഇതോടെ ഫലം കണ്ടത്. മസ്കത്തിലെ റൂവി കെ.എം.സി.സി നേതാവ് റഫീഖ് ശ്രീകണ്ഠപുരത്തിന്റെ പരിശ്രമവും ഇന്ത്യയുടെയും ഒമാന്റെയും സർക്കാർ സംവിധാനങ്ങളിൽ നിന്നുമുള്ള സഹകരണവും തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ഇടപെടലുമാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ടി.വികെ പ്രതിനിധികൾ ഇവരുടെ വീട് സന്ദർശിക്കുകയും തുടർന്ന് കലക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മസ്കറ്റിലെ ഇന്ത്യൻ എംബസി ഇവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുകയായിരുന്നു.
18 വർഷങ്ങൾക്ക് മുമ്പാണ് മായാവരം സ്വദേശിനി ഹസർ നിഷ വീട്ടു ജോലിക്കായി ഒമാനിലെത്തിയത്. സുഹാറിന് അടുത്ത് ഉൾ ഗ്രാമത്തിലായിരുന്നു ജോലി ചെയ്തിരുന്ന വീട്. 40 ഒമാനി റിയാൽ ആയിരുന്നു അന്ന് ശമ്പളം. ആദ്യ രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒരുതവണ നാട്ടിൽ പോയി വന്നു. നാട്ടിൽ പോയി തിരിച്ചു വന്നാപ്പോഴാണ് അപ്രതീക്ഷിതമായി ആ ദുരന്തം ഉണ്ടാകുന്നത്. ഇവർ ജോലി ചെയ്തിരുന്ന സ്വദേശിയുടെ വീട്ടിൽ തീപിടുത്തമുണ്ടായി. പല സാധന സാമഗ്രികളും കത്തി നശിച്ച കൂട്ടത്തിൽ ഇവരുടെ പാസ്പോർട്ടും റസിഡന്റ് കാർഡും നഷ്ടമായി. വീട് കത്തിയതോടെ ദുരിതത്തിൽ ആയ സ്വദേശിക്ക് പിന്നീട് വീട്ടു ജോലിക്കാരിയുടെ ചെലവ് താങ്ങാനനായില്ല. തുടർന്ന് ഹസർ നിഷയെ ഇവർ ജോലിയിൽ നിന്നും പുറത്താക്കി.
പാസ്പോർട്ട് ഇല്ലാതെ നാട്ടിലേക്ക് പോകാൻ കഴിയാതെ വന്ന ഇവർ സഹായത്തിനായി ഇന്ത്യൻ എംബസിയെ സമീപിച്ചു. വർഷങ്ങൾക്ക് മുമ്പ് റേഷൻ കാർഡ് മാത്രം ഉപഗോഗിച്ച് എടുത്ത പാസ്പോർട്ടിന്റെ ഒരു കോപ്പി പോലും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല. പാസ്പോർട്ട് വിവരങ്ങൾ ലഭിക്കാതെ വന്നതോടെ എംബസി അധികൃതർ നിസഹായരാണെന്നറിയിച്ചു. വൈകാതെ, ഭർത്താവ് അത്താവുല്ല വാഹനാപകടത്തിൽ മരിച്ച. ഭർത്താവിന്റെ മൃതദേഹം കാണാൻ നാട്ടിൽ പോവാനാവാതെ ഹസർ നിഷ ഒമാനിൽ കഴിഞ്ഞു. പല വീടുകളിൽ വീട്ടു ജോലികൾ ചെയ്തു. അതോടൊപ്പം പല വഴിയിലും രേഖകൾ തരപ്പെടുത്താനും നാട്ടിലേക്ക് പോകാനും ശ്രമിച്ചു.
പഴയ റേഷൻ കാർഡിൽ പേരുള്ളതല്ലാതെ മറ്റൊരു തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നില്ല. കടൽ ക്ഷോഭത്തിൽ ഇവരുടെ വീട് തകർന്നപ്പോൾ മറ്റു രേഖകൾ നഷ്ടപ്പെട്ടു. ഇപ്പോൾ വാടക വീട്ടിൽ ആണ് ഇവരുടെ കുടുംബം കഴിയുന്നത്. രണ്ട് മക്കളാണ് ഹസർ നിഷക്കുള്ളത്. 27 വയസുള്ള മൂത്തമകളുടെ വിവാഹത്തിലും പങ്കെടുക്കാനായില്ല. 26 വയസുള്ള മകൻ മാലിക് ബാഷ കൂലിക്കണി ചെയ്താണ് കുടുംബം പോറ്റുന്നത്. ജീവിതത്തിന്റെ പല നിർണായക അവസരങ്ങളിലും മറുനാട്ടിൽ കുടുങ്ങിപോയ ഹസർ നിഷക്ക് രോഗിയായ അമ്മയെ മരിക്കുന്നതിന് മുമ്പ് കാണണമെന്നും നാട്ടിൽ പോകണമെന്നും ആഗ്രഹമുണ്ടായിരുന്നു. അതിനായി പാസ്പോർട്ട് നേടാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ പൗരി ആണെന്ന് തെളിയിക്കുന്ന രേഖകളില്ലാത്തത് വിഘാതമായി.
ഒരു നിയോഗം പോലെയാണ് മസ്കത്ത് റൂവി കെ.എം.സി.സിയുടെ സഹായം ഇവർക്ക് ലഭിക്കുന്നത്. ഇവരുടെ മകൻ തമിഴ്നാട്ടിലെ ജന പ്രതിനിധികളുടെയും മഹല്ലിന്റെയും കലക്ടർ ഉൾപ്പെടെയുള്ള അധികൃതടെയും അടുക്കൽ നിരവധി തവണ കയറി ഇറങ്ങി. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കൂടി വിഷയത്തിൽ ഇടപെട്ടതോടെ ഹസർ നിഷക്ക് വേഗത്തിൽ എമർജൻസി സർട്ടിഫിക്കറ്റ് ലഭിച്ചു. റൂവി കെ.എം.സി.സി ഭാരവാഹികൾ ചേർന്ന് ഹസർ നിഷക്ക് എമർജൻസി സർട്ടിഫിക്കറ്റ് കൈമാറി. തുടർ നടപടികൾ പൂർത്തിയാക്കി ഹസർ നിഷ ഉടൻതന്നെ നാട്ടിലെ പ്രിയപ്പെട്ടവരുടെ അടുക്കലേക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

