ഇവിടുണ്ടൊരു 'സിനി'മാറ്റിക് ഗ്രാമം
text_fieldsറുസ്താഖ് വിലായത്തിലെ സിനി ഗ്രാമം
മസ്കത്ത്: പൗരാണിക കഥ പറയുന്ന ഏതോ ഒരു സിനിമക്ക് സെറ്റിട്ടതുപോലെ തോന്നും ഈ ഗ്രാമത്തിലെത്തുമ്പോൾ. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിലെ സിനി എന്ന ഗ്രാമം. കൂടുതലറിയുമ്പോൾ മനസ്സിലാകും, ചരിത്രവും സംസ്കാരവും ചേർന്ന് സെറ്റിട്ടതാണ് ഇവിടമെന്ന്. ഒമാനി പൈതൃകത്തിന്‍റെയും സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും നിരവധി അവശേഷിപ്പുകളുമായി സഞ്ചാരികളെയും ചരിത്രാന്വേഷികളെയും ആകർഷിക്കുകയാണ് സിനി. പുരാതന കോട്ടയുടെ അവശിഷ്ടങ്ങളും മലകളിലെ ശിലാവീടുകളും ഗോത്രവർഗ സമൂഹത്തിന്‍റെ അതിജീവനത്തിന്‍റെ അതിശയകഥകൾ പറയാതെ പറയുന്നു.
പൈതൃകശേഷിപ്പുകൾകൊണ്ട് സമ്പന്നമായ സിനി റുസ്താഖിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നാണ്. റുസ്താഖിൽനിന്ന് 60 കിലോമീറ്റർ അകലെ വാദി ബനി ഗാഫെറിന് തെക്കുപടിഞ്ഞാറായാണ് സിനി സ്ഥിതിചെയ്യുന്നത്. വാദി സദഖിന്‍റെ തീരത്തുള്ള ഗ്രാമങ്ങളിൽനിന്ന് അൽപം ഉയർന്നാണ് സിനിയുടെ സ്ഥാനം. മലമുകളിലെ ഉയർന്ന സ്ഥലം, നീലാകാശത്തോട് തൊട്ടുനിൽക്കുന്ന സ്ഥലം തുടങ്ങിയ വിശേഷണങ്ങൾകൊണ്ടാണ് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. സന അൽഐൻ (സ്ഥിരത) എന്ന പഴയ പേര് ലോപിച്ച് സിനി ആയതാണെന്നും ഗ്രാമീണർ പറയുന്നുണ്ട്. ഒരിക്കലും വറ്റാതെ സ്ഥിരം ജലം തരുന്ന പരമ്പരാഗത ഫലജ് ജലവിതരണ സംവിധാനങ്ങളും സ്ഥിരം കാവൽ നിൽക്കുന്ന മൂന്നു മലകളിൽ നിന്നുമൊക്കെയാണത്രെ ഈ പേര് വീണത്. സിനിയെ കോട്ട പോലെ സംരക്ഷിക്കുന്ന മലനിരകളുടെ പശ്ചാത്തലത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ബൈത്തൽ ഹജ്റ കാസിലും പ്രധാന ആകർഷണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

