ഒമാനിൽ 9,625 കേസുകൾ സൗഹൃദപരമായി തീർപ്പാക്കി; കഴിഞ്ഞവർഷം സമവായ സമിതിക്ക് മുമ്പാകെ ലഭിച്ചത് 23,000ത്തിലധികം അപേക്ഷകൾ
text_fieldsമസ്കത്ത്: ഒമാനിലെ സമവായ-സൗഹൃദ പരിഹാര സമിതികൾ 2025-ൽ 87 ശതമാനം കേസുകളും വിജയകരമായി തീർപ്പാക്കി. കഴിഞ്ഞവർഷം ആകെ 9,625 അപേക്ഷകൾ തീർപ്പാക്കിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2,636 യോഗങ്ങളാണ് സമിതികൾ ചേർന്നത്. ആകെ 23,292 അപേക്ഷകൾ ലഭിച്ചു. ഇതിൽ 12,864 സിവിൽ കേസുകളും 6,010 ശരീഅ കേസുകളും 4,418 വാണിജ്യ കേസുകളുമാണ് ഉൾപ്പെട്ടത്. എന്നാൽ 1,411 അപേക്ഷകൾ (13 ശതമാനം) കക്ഷികൾ തമ്മിൽ ധാരണയിലെത്താനാകാത്തതിനാൽ സമവായത്തിലെത്താനായില്ല.മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ കേസുകൾ സമിതികളുടെ പരിഗണനക്കെത്തിയത്; 1,476 കേസുകൾ. ദാഖിലിയ്യ ഗവർണറേറ്റിൽ 1,325 കേസുകളും വടക്കൻ ബാതിന ഗവർണറേറ്റിൽ
1,288 കേസുകളും സമവായത്തിനെത്തി. വിലായത്ത് തലത്തിൽ സീബിലാണ് ഏറ്റവും കൂടുതൽ അപേക്ഷൾ ലഭിച്ചത്; 2,136 അപേക്ഷകൾ. ബർകയിൽ 1,789 അപേക്ഷകളും സഹമിൽ 1,398 അപേക്ഷകളും ലഭിച്ചു.
സമവായ-സൗഹൃദ പരിഹാര സമിതി സേവനം വർധിപ്പിക്കുന്നതിനായി സമിതികളുടെ എണ്ണം 58 ആയി ഉയർത്തി. വിവിധ വിലായത്തുകളിൽ വ്യാപകമായി സമിതികൾ സ്ഥാപിച്ചതിലൂടെ സേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
സമവായ-സൗഹൃദ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റൽ പരിഹാരങ്ങൾ പ്രോത്സാഹിപ്പിച്ചുവരുകയാണ്. ‘തസ്വിയ’ ഓൺലൈൻ സംവിധാനം വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനാവും. ഇതിലൂടെ നടപടികൾ വേഗത്തിലാകുകയും കാര്യക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുകയും ചെയ്യുന്നതായി അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

