78ാമത് സ്വാതന്ത്ര്യ ദിനാഘോഷം; വിവിധ പരിപാടികളുമായി ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹം ഇന്ന് വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി മസ്കത്തിലെ ഇന്ത്യൻ എംബസിയിയിലാണ് പ്രധാന പരിപാടികൾ നടക്കുക. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ വിവിധ സംസ്കാരിക സംഘടനകളും സ്വാതന്ത്ര്യ ദിനപരിപാടികൾ നടത്തും.
ഇന്ത്യൻ സ്കൂളുകളിൽ പതാക ഉയർത്തൽ, ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കൽ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക വൈവിധ്യങ്ങൾ കോർത്തിണക്കിയ നൃത്ത നൃത്യങ്ങൾ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ നടക്കും. വിദ്യാർഥികളുടെ മാർച്ച് പാസ്റ്റുമുണ്ടാകും. ഇന്ത്യൻ സ്കൂളുകളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ രക്ഷിതാക്കളും പങ്കെടുക്കും. മിക്ക സ്കൂളുകളിലും രാവിലെ ഏഴു മുതലാണ് പരിപാടികൾ ആരംഭിക്കുക.
മിക്ക പരിപാടികളിലും സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളോ സ്കൂൾ മാനേജ്മമെന്റ് കമ്മിറ്റി പ്രതിനിധികളോ മുഖ്യാതിഥികളായിരിക്കും. ഇന്ത്യൻ സ്കൂളുകൾ എല്ലാം അലങ്കരിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റും ചിത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മസ്കത്ത് ഇന്ത്യൻ എംബസി അങ്കണത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ രാവിലെ ഏഴിന് പതാക ഉയർത്തുന്നതോടെ ആരംഭിക്കും. അംബാസഡർ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയും ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കുകയും ചെയ്യും.
കുട്ടികളുടെ ദേശഭക്തി ഗാനാലാപനം തുടങ്ങിയ പരിപാടികളും ഇതോടൊപ്പം നടക്കും. പരിപാടിയോടനുബന്ധിച്ച് ഇന്ത്യൻ അംബാസഡർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. പരിപാടിയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കും.
ഇന്ത്യൻ സമൂഹത്തിലെ പൗരപ്രമുഖരും മറ്റ് ഉന്നതരും ചടങ്ങിനെത്തും. പരിപാടിക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങളാണ് ഇന്ത്യൻ എംബസിയിൽ നടക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയും പരിസരവും വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. ഒമാനിൽ ഇന്ന് പ്രവൃത്തി ദിവസം ആയതിനാൽ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

