കഴിഞ്ഞ വർഷം 76,200 റോഡപകടങ്ങൾ
text_fieldsവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം (ഫയൽ)
മസ്കത്ത്: രാജ്യത്ത് റോഡപകടങ്ങളുടെ എണ്ണം അനുദിനം വർധിക്കുകയാണെന്ന് നാഷനൽ സെന്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ചെറുതും വലുതുമായ 76,200 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇവയിൽ 15,300 എണ്ണം ഗുരുതര അപകടങ്ങളും 60,900 ചെറുതുമാണ്. വാഹനാപകടങ്ങൾക്കും അതുമൂലമുണ്ടാകുന്ന ഗുരുതര മാനുഷികവും ഭൗതികവുമായ നാശനഷ്ടങ്ങൾക്കും പ്രധാന കാരണം അമിതവേഗമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വാഹനവേഗം മണിക്കൂറിൽ 10 കി.മീറ്റർ കുറച്ചാൽ അപകടങ്ങളുടെ സാധ്യത 20 ശതമാനവും പരിക്കുകളുടെ എണ്ണം 30 ശതമാനവും മരണനിരക്ക് 40 ശതമാനവും കുറക്കാനാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ഒരു വർഷം ഒരു ഡ്രൈവർക്ക് 12 ബ്ലാക്ക് പോയന്റുകളിൽ കൂടുതൽ ഉണ്ടായാൽ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെടുന്നത് ഉൾപ്പെടെ കർശന ട്രാഫിക് നിയമങ്ങളാണ് രാജ്യത്തുള്ളത്. ഇത് ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണ്. എന്നിട്ടും അപകടങ്ങളുടെ എണ്ണം കുറയുന്നില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു.
2018ലെ ട്രാഫിക് നിയമം അനുസരിച്ച് സ്റ്റിയറിങ് വീൽ പിടിക്കാതെ വാഹനം ഓടിക്കുകയോ ശരിയായി ഇരിക്കാതിരിക്കുകയോ ചെയ്താൽ 35 റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയന്റും ലഭിക്കും.
ചെക്ക് പോയന്റിൽ നിർത്താതിരുന്നാൽ 50 റിയാൽ പിഴയും മൂന്ന് ബ്ലാക്ക് പോയന്റും റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ 50 റിയാൽ പിഴയും മൂന്ന് ബ്ലാക്ക് പോയന്റും നമ്പർപ്ലേറ്റ് മൂടിയാൽ 50 റിയാൽ പിഴയും മൂന്ന് ബ്ലാക്ക് പോയന്റും പൊലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതിരുന്നാൽ 35 റിയാൽ പിഴയും ഒരു ബ്ലാക്ക് പോയന്റും ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചാൽ 35റയാൽ പിഴയും ഒരു ബ്ലാക്ക് പോയന്റും എന്നിങ്ങനെയാണ് നിയമലംഘനങ്ങൾക്ക് രാജ്യത്തെ ശിക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

