തെക്കൻ ശർഖിയയിൽ 65 ഫലജുകൾ പുനർനിർമിക്കുന്നു
text_fieldsഫലജുകളിലൊന്ന്
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിലെ ഫലജുകൾ പുനഃസ്ഥാപിക്കാനും പരിപാലിക്കാനും സുപ്രധാന പദ്ധതികളുമായി അധികൃതർ. ഗവർണറേറ്റിലെ ഗ്രാമങ്ങളിലും വിലായത്തുകളിലുമായി 65 ഫലജുകൾ പുനഃസ്ഥാപിക്കാനാണ് അഗ്രികൾച്ചറൽ വെൽത്ത്, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ജനറൽ ഡയറക്ടറേറ്റ് ലക്ഷ്യമിടുന്നത്. ഒമാനിലെ പുരാതന ജലസേചന സംവിധാനമാണ് ഫലജുകൾ.
മന്ത്രാലയത്തിന്റെ 2024 പദ്ധതിക്ക് അനുസൃതമായി ഫലജുകൾ പുനഃസ്ഥാപിക്കുന്നതിന് കരാറുകാരുമായി 49 കരാറുകളിൽ ഒപ്പുവെച്ചു. ഫലജ് സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നത്. വിളകൾ നനക്കാൻ ഒമാനികൾ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഫലജുകൾ രാജ്യത്തിന്റെ കാർഷിക പൈതൃകത്തിന് വളരെയധികം പ്രാധാന്യമുള്ളതാണ്.
പുനഃസ്ഥാപിക്കുന്നതിൽ അൽ ആദി, അൽ ഐനി, അൽ ഗൈലി എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള ഫലജുകൾ ഉൾപ്പെടുന്നുണ്ടെന്ന് അണക്കെട്ടുകളുടെയും ഫലജുകളുടെയും സംരക്ഷണ ഭിത്തികളുടെയും വകുപ്പ് മേധാവി സലാഹ് ബിൻ സലിം അൽ മഹ്ജരി എടുത്തുപറഞ്ഞു.
ഇതുവരെ 19 ഫലജുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. മറ്റുള്ളവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. തെക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ ബദാവി, അബു തൽഖ, അൽ മഖ്സും എന്നിവയാണ് പുനഃസ്ഥാപിക്കുന്ന പ്രധാന ഫലജുകളിൽ ചിലത്.
അവശിഷ്ടങ്ങൾ നീക്കം ചെയ്യുക, തകർന്ന ഭാഗങ്ങൾ പുനർനിർമിക്കുക, ശേഖരണ തടങ്ങൾ പരിപാലിക്കുക, സംരക്ഷണ ഭിത്തികൾ നിർമിക്കുക എന്നിവയാണ് പുനർനിർമാണത്തിൽ വരുന്നത്.
ഫലജ് സംവിധാനങ്ങൾ സംരക്ഷിക്കുന്നതും അവയുടെ ദീർഘായുസ്സ് ഉറപ്പാക്കുന്നതും രാജ്യത്തിന്റെ ജലസുരക്ഷയെ ശക്തിപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

