ഒമാനിൽ 609 പേർക്കുകൂടി കോവിഡ്
text_fieldsമസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ മുകളിലോട്ടുതന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 609 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസമായി. കഴിഞ്ഞ രണ്ടു ദിവസം തുടർച്ചയായി രാജ്യത്ത് മരണം സ്ഥിരീകരിച്ചിരുന്നു. ആകെ 3,08,870 ആളുകൾക്കാണ് ഇതുവരെ മഹാമാരി പിടിപെട്ടത്. 3,01,174 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു. 97.5 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ ദിവസം 91 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 4119 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേരെകൂടി രാജ്യത്തിന്റെ വിവിധ ആതുരാലയങ്ങളിൽ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണ 50 ആയി ഉയർന്നു. ഇതിൽ നാലുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 3577 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം 33 ആളുകളെയാണ് വിവിധ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. വരുംദിവസങ്ങളിലും കൂടുതൽ രോഗികൾ എത്താനാണ് സാധ്യത. ഇത് മുന്നിൽകണ്ട് മുൻകരുതൽ നടപടികൾ എടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. മാസങ്ങൾക്കിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കും കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. എന്നാൽ, കോവിഡിനെതിരെയുള്ള ഊർജിതമായ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യകേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസടക്കം സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നുണ്ട്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ മുൻകരുതൽ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്നും ആരോഗ്യമേഖലയിലുള്ളവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

