യുദ്ധത്തിന് 50 നാൾ; നഷ്ടം നാലരലക്ഷം കോടിയുടെ എണ്ണ
text_fieldsഹൂർമൂസ് കടലിടുക്കിലൂടെ പോകുന്ന എണ്ണ ടാങ്കർ
ലണ്ടൻ: ഇറാനിൽ യു.എസ്- ഇസ്രായേൽ ആക്രമണം 50 നാൾ പിന്നിടുമ്പോൾ നഷ്ടക്കണക്കുകളിൽ മുങ്ങി പശ്ചിമേഷ്യയും ലോകവും. ഇത്രയും സമയത്തിനിടെ ആഗോള വിപണിയിലെത്തേണ്ട 50 കോടി ബാരൽ അസംസ്കൃത എണ്ണയാണ് ഉൽപാദനം നിലച്ച് നഷ്ടമായത്. ഇതിന്റെ മൂല്യം 5000 കോടി ഡോളർ (ഏകദേശം 4.63 ലക്ഷം കോടി രൂപ) വരും. എന്നുവെച്ചാൽ, 10 ആഴ്ച ആഗോള വ്യോമഗതാഗതത്തിനുള്ള ഇന്ധനമാണ് ഇല്ലാതെയായത്. ലോകത്തുടനീളം 11 ദിവസം നിരത്തുകളിൽ നീങ്ങുന്ന മൊത്തം വാഹനങ്ങൾക്കുള്ള ഇന്ധനവും ഇല്ലാതെയായി.
ഗൾഫ് അറബ് രാജ്യങ്ങൾ പ്രതിദിനം 80 ലക്ഷം ബാരൽ എണ്ണയാണ് കയറ്റി അയച്ചിരുന്നത്. അതത്രയും ഇല്ലാതെയായി. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് വിമാന ഇന്ധന കയറ്റുമതി ഫെബ്രുവരിയിൽ 1.96 കോടി ബാരലായിരുന്നത് മാർച്ചിൽ 41 ലക്ഷമായി ചുരുങ്ങി.
കയറ്റുമതി കണക്കുകളിലെ നഷ്ടം മാത്രം ഇത്ര ഭീകരമാണെങ്കിൽ മിസൈലും ഡ്രോണുകളും പതിച്ച് കേടുപാടുകൾ പറ്റിയതും പ്രവർത്തനം നിർത്തിവെച്ചതുമായ എണ്ണപ്പാടങ്ങൾ പഴയപോലെ പ്രവർത്തനക്ഷമമാകാൻ നാലോ അഞ്ചോ മാസമെങ്കിലും എടുക്കും. ഖത്തർ റാസ് ലഫാൻ എൽ.എൻ.ജി സമുച്ചയത്തിലെ കേടുപാടുകൾ പരിഹരിക്കാൻ വർഷങ്ങളും വേണ്ടിവരും. പശ്ചിമേഷ്യയിൽ എണ്ണ കയറ്റുമതി പഴയനിലയിലെത്താൻ രണ്ടുവർഷമെങ്കിലും വേണ്ടിവരുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസിയും വ്യക്തമാക്കുന്നു.
സ്വന്തമായി വേണ്ടുവോളം എണ്ണയുള്ള യു.എസിന് പ്രത്യക്ഷത്തിൽ ഇവ ഭീഷണിയാകുന്നില്ലെങ്കിലും ആഗോള രാഷ്ട്രീയത്തിൽ രാജ്യം ഇതുവരെയും നിലനിർത്തിയ മേൽക്കൈ ഓരോ നാളും ദുർബലപ്പെടുത്തുന്നതാണ് ഇറാൻ യുദ്ധമെന്ന പ്രത്യേകതയുമുണ്ട്. ഹുർമുസ് തുറക്കാൻ എത്തിയവർ അത് സ്വന്തം സൈന്യത്തെ വിന്യസിച്ച് അടക്കുന്നതിലെത്തിനിൽക്കുന്നു കാര്യങ്ങൾ. ആദ്യം ഇറാനുമായും പിന്നീട് ലബനാനിലും ട്രംപ് നേരിട്ട് വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഹുർമുസ് ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
ലബനാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഹുർമുസ് തുറന്ന് ഇറാൻ പ്രതികരിച്ചെങ്കിലും രാജ്യത്തിന്റെ തുറമുഖങ്ങൾക്കുമേൽ ഉപരോധം അവസാനിപ്പിക്കാൻ യു.എസ് തയാറാകാത്തതിനെതുടർന്ന് വീണ്ടും അടക്കുകയായിരുന്നു. അതിനിടെ, ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയം തിരിച്ചുപിടിക്കുമെന്നും ഹുർമുസ് തുറക്കുമെന്നും ഭീഷണി മുഴക്കുന്നതല്ലാതെ യു.എസ് നിലപാടുകളും പ്രവർത്തനങ്ങളും പഴയപോലെ ഫലിക്കുന്നില്ലെന്നതാണ് വസ്തുത. ഇറാൻ നിലയങ്ങളിലെ യുറേനിയം ശേഖരം യു.എസ്- ഇറാൻ ഉദ്യോഗസ്ഥർ സംയുക്തമായി നീക്കം ചെയ്യുമെന്നാണ് പുതിയ വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

