ഈ വർഷം ഇന്ത്യൻ സ്കൂളിൽ പ്രവേശനം നേടിയത് 4677 കുട്ടികൾ
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളിൽ ഈ വർഷം പ്രവേശനം നേടിയത് 4677 കുട്ടികൾ. മസ്കത്ത്, ദാർസൈത്ത്, വാദികബീർ, സീബ്, ഗൂബ്ര, മബേല, ബൗശർ ഇന്ത്യൻ സ്കൂളുകളിലെ കെ.ജി മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലാണ് ഇത്രയും വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയത് പതിവുപോലെ ഇത്തവണയും മസ്കത്ത് ഇന്ത്യൻ സ്കൂളുകളാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ചില സ്കൂളുകളിലെ ക്ലാസുകളിൽ പരിമിതമായ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർക്ക് www.indianschoolsoman.com വെബ്സൈറ്റിൽ നൽകിയ പ്രത്യേക പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാദി കബീർ, ഗൂബ്ര എന്നിവയുടെ അന്താരാഷ്ട്ര വിഭാഗത്തിലെ പ്രവേശനത്തിന് രക്ഷിതാക്കൾക്ക് ഈ സ്കൂളുകളെ നേരിട്ട് സമീപിക്കാം. ഇന്ത്യൻ സ്കൂൾ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷനിൽ (സി.എസ്.ഇ) പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കും പ്രവേശനം ലഭ്യമാണ്. അഡ്മിഷനായി രക്ഷിതാക്കൾക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം (www.cseoman.com).
ഈ വർഷം പൂർണമായി ഓൺലൈൻ രീതിയിലായിരുന്നു പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് അപേക്ഷ സമർപ്പിക്കാനും അപേക്ഷാ ഫീസ് അടക്കാനും സ്കൂളുകളെ സമീപിക്കുന്ന രീതി ഒഴിവാക്കിയത് രക്ഷിതാക്കൾക്ക് അനുഗ്രഹമാകുകയും ചെയ്തു. ഫെബ്രുവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെയായിരുന്നു ആദ്യഘട്ടത്തിൽ പ്രവേശനത്തിന് സമയം അനുവദിച്ചിരുന്നത്. ഈ വർഷം പൊതുവെ അപേക്ഷകരുടെ തള്ളിക്കയറ്റമൊന്നുമുണ്ടായിരുന്നില്ല. അതിനാൽ ആദ്യ നറുക്കെടുപ്പിൽ തന്നെ എല്ലാവർക്കും സീറ്റുകൾ ലഭിച്ചിരുന്നു. നറുക്കെടുപ്പിന് ശേഷം പിന്നീട് സമയം നീട്ടിനൽകുകയും ചെയ്തിരുന്നു.
ബോർഡ് അവതരിപ്പിച്ച ഓൺലൈൻ രജിസ്ട്രേഷനോടുകൂടിയ കേന്ദ്രീകൃത പ്രവേശന സംവിധാനം മുഴുവൻ പ്രവേശന പ്രക്രിയയും സുഗമമാക്കിയെന്നും പ്രവേശനത്തിനുള്ള തിരക്ക് ഒഴിവാക്കാൻ രക്ഷിതാക്കൾക്കും സ്കൂളുകൾക്കും സൗകര്യമൊരുക്കിയെന്നും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു. സ്കൂളുകളിൽ എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാൻ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

