സ്പോർട്സ് സിറ്റിയിലെ സ്റ്റേഡിയത്തിനായി 46.5 ലക്ഷം റിയാൽ അനുവദിച്ചു
text_fieldsമുസന്നയിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് സിറ്റി പദ്ധതിയുടെ ഗ്രാഫിക് ചിത്രം
മസ്കത്ത്: സ്പോർട്സ് സിറ്റി പദ്ധതിയുടെ ഭാഗമായ മുസന്നയിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് സ്റ്റേഡിയത്തിന്റെ മൂന്നാംഘട്ട രൂപകൽപനക്കുള്ള കൺസൾട്ടൻസി സേവനങ്ങൾക്കായി 46.5 ലക്ഷം റിയാൽ വകയിരുത്തി. മുസന്നയിൽ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് സ്പോർട്സ് സിറ്റിയിൽ ഫുട്ബാൾ സ്റ്റേഡിയം, മൾട്ടി-യൂസ് അരീന, വിവിധ ഉപയോഗ സൗകര്യങ്ങൾ, ഹോട്ടലുകൾ, ഓഫിസുകൾ, മ്യൂസിയം, പരിശീലന ഗ്രൗണ്ടുകൾ, ഫിസിയോതെറപ്പി കേന്ദ്രം, ഔട്ട്ഡോർ പരിപാടികൾക്കായുള്ള ഓപൺ ഇടങ്ങൾ, അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനാകുന്ന സ്പോർട്സ് സൗകര്യങ്ങൾ, വാണിജ്യ-വിനോദ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടും.
കാൽ ലക്ഷം സീറ്റ് കപ്പാസിറ്റിയുള്ള ഫുട്ബോൾ സ്റ്റേഡിയമാണ് പദ്ധതിയുടെ മുഖ്യ ആകർഷണം. പച്ചപ്പുൽ മൈതാനം, സിന്തറ്റിക് ട്രാക്കുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയോടെ നിർമിക്കപ്പെടുന്ന സ്റ്റേഡിയം അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനും വേൾഡ് അത്ലറ്റിക്സും നിശ്ചയിച്ച അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുന്ന തരത്തിലായിരിക്കും രൂപകൽപന ചെയ്യുക. സ്പോർട്സ് മേഖലയുടെ സമഗ്ര വികസനവും അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

