അതിജീവനത്തിെൻറ 41വർഷങ്ങൾ; വേണുഗോപാൽ മടങ്ങി
text_fieldsവേണുഗോപാൽ
സഹം: 41 വർഷത്തെ പ്രവാസത്തിനുശേഷം ആലപ്പുഴ ചെങ്ങന്നൂർ കാരക്കാട് സ്വദേശി വേണുഗോപാൽ ഒമാനിൽ നിന്ന് മടങ്ങി. ഞായറാഴ്ച രാത്രിയിലെ സലാം എയർ വിമാനത്തിലാണ് ഇദ്ദേഹം മടങ്ങിയത്. 1980 ജൂൺ ഒന്നിന് തെൻറ 24ാമത്തെ വയസ്സിലാണ് വേണുഗോപാൽ ഖാബൂറയിൽ എത്തുന്നത്. സൈഫ് റാഷിദ് അൽ കവാൽദി എന്ന സ്പോൺസറുടെ കീഴിൽ മെയ്സൺ വിസയിലാണ് ഒമാനിലേക്ക് എത്തുന്നത്. തരിശ് ഭൂമിയിലൂടെ യാത്ര ചെയ്ത് എത്തുേമ്പാൾ കറൻറും വെള്ളത്തിനു പൈപ്പ് കണക്ഷനോ ഇല്ലാത്ത ചുറ്റും മണൽക്കാട് നിറഞ്ഞ ഒരിടം മാത്രമായിരുന്നു ഖാബൂറയെന്ന് വേണുഗോപാൽ ഓർക്കുന്നു. കടകളോ മാർക്കറ്റോ കൂടുതലായി ഉണ്ടായില്ല. വീടുകൾ തന്നെ ഒറ്റപ്പെട്ടു മാത്രമാണുണ്ടായിരുന്നത്.
പ്രാരബ്ധം നിറഞ്ഞ ജീവിതത്തിൽനിന്ന് ഭാവി കരുപിടിപ്പിക്കാൻ സാധിക്കുമെന്ന ഉത്തമബോധ്യത്തിലാണ് പ്രവാസമണ്ണിൽ എത്തിയതെന്നും വേണുഗോപാൽ പറഞ്ഞു. 41 വർഷം ഒരേ സ്പോൺസർക്ക് കീഴിലാണ് തൊഴിലെടുത്തത് എന്നത് മറ്റൊരു പ്രത്യേകതയാണ്. മെയ്സൺ വിസയിലാണ് എത്തിയതെങ്കിലും പിന്നീട് അദ്ദേഹത്തിെൻറ കീഴിൽ പല ജോലികളിൽ ഭാഗമായി. ഒടുവിൽ സൂപ്പർവൈസറായി നീണ്ട വർഷങ്ങൾ ജോലി ചെയ്ത ശേഷമാണ് മടക്കം. ഒമാനിൽ നിന്നുള്ള മടക്കം പ്രയാസമേറിയതാണെന്ന് വേണുഗോപാലും ഭാര്യ ശ്രീദേവിയും പറയുന്നു. ഒന്നുമല്ലാതായിരുന്ന എന്നെ ജീവിതം പഠിപ്പിച്ചത് ഈ രാജ്യമാണ്. അതിജീവനത്തിെൻറ സാധ്യതകൾ കാട്ടിത്തന്നതും ഇവിടമാണ്. മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ കല്യാണം കഴിച്ചുവിടാനും നാലു പതിറ്റാണ്ടിെൻറ ഒമാൻ ജീവിതം വഴി സാധിച്ചു. പരിചയക്കാരായ പത്തു പേർ വിവിധ കാലഘട്ടങ്ങളിൽ മരണപ്പെട്ടു പോയി. അതിെൻറ ദുഃഖം തിരിഞ്ഞു നോക്കുമ്പോൾ കണ്ണ് നനയിക്കാറുണ്ടെന്നും വേണുഗോപാൽ പറയുന്നു. 1982ലാണ് വിവാഹം കഴിച്ചത്. 1994 മുതൽ കുടുംബം കൂടെയുണ്ട്. അനുമോളും അശ്വതിയുമാണ് മക്കൾ. ശിഷ്ടകാലം മക്കളും പേരക്കുട്ടികളുമായി നാട്ടിൽ കഴിയാനുള്ള മോഹമാണ് 65 കാരനായ വേണുഗോപാൽ പങ്കുവെക്കുന്നത്. വലിയ സൗഹൃദത്തിന് ഉടമയായ വേണുഗോപാലിനെയും ഭാര്യ ശ്രീദേവിയെയും നിരവധി പേരാണ് വീട്ടിലെത്തി യാത്രയയച്ചത്.