‘സർക്കാർ ഡിജിറ്റൽ പ്രകടനത്തിൽ 400 ശതമാനം പുരോഗതി’
text_fieldsഐ.ടി മന്ത്രി മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്‍വാലി ‘ടുഗദർ ഫോർവേഡ്’ ഫോറത്തിൽ സംസാരിക്കുന്നു
മസ്കത്ത്: സർക്കാർ ഡിജിറ്റൽ പരിവർത്തന രംഗത്ത് 400 ശതമാനം പുരോഗതി ഒമാൻ കൈവരിച്ചതായി ഗതാഗത -വാർത്താവിനിമയ-വിവരസാങ്കേതിക മന്ത്രി എൻജിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്‍വാലി പറഞ്ഞു. 2022 മുതലുള്ള ഡേറ്റ അടിസ്ഥാനമാക്കിയാണിത്. ‘ടുഗദർ ഫോർവേഡ്’ ഫോറത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ സംവിധാനങ്ങളുടെ ആധുനികവത്കരണം, ഡിജിറ്റൽ സേവനങ്ങളുടെ വ്യാപനം, സാങ്കേതികാധിഷ്ഠിത പരിഷ്‌കരണങ്ങളിലൂടെ പൊതുസ്ഥാപനങ്ങളിലെ കാര്യക്ഷമത വർധിപ്പിക്കൽ എന്നിവയിലുണ്ടായ തുടർച്ചയായ നടപടികളാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സേവനവിതരണം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനം സഹായകരമായി. ഇതുവഴി പൗരന്മാർക്കും വ്യാപാര മേഖലക്കും മികച്ച ഫലങ്ങൾ കൈവരിക്കാനായി.
ഒമാന്റെ സമഗ്രമായ സാമ്പത്തിക -ഭരണ പരിഷ്‌കരണ അജണ്ടക്ക് അനുസൃതമായി, ഡിജിറ്റൽ സ്വീകരണം വേഗത്തിലാക്കുന്നതിനും ഡേറ്റ ഏകീകരണം മെച്ചപ്പെടുത്തുന്നതിനും നവീകരണത്തിന് പിന്തുണ നൽകുന്നതിനുമായി മന്ത്രാലയം മറ്റു സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തനം തുടരുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

