വന്ദേഭാരത് രണ്ടാംഘട്ടം: ഒമാനിൽനിന്ന് കേരളത്തിലേക്ക് നാല് സർവിസുകൾ
text_fieldsമസ്കത്ത്: ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെൻറ രണ്ടാം ഘട്ടം മെയ് 16 മുതൽ 22 വരെ നടക്കും. രണ്ടാം ഘട്ടത്തിൽ ഒമാനിൽനിന്ന് കേരളത്തിലേക്ക് നാല് സർവിസുകളാണ് ഉണ്ടാവുക. മൂന്നെണ്ണം മസ്കത്തിൽനിന്നും ഒന്ന് സലാലയിൽനിന്നുമാണ്.
കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനങ്ങൾ മസ്കത്തിൽനിന്നും കോഴിക്കോട്ടേക്കുള്ള വിമാനം സലാലയിൽ നിന്നുമാണ് പുറപ്പെടുക. മസ്കത്തിൽ നിന്ന് ദൽഹി, ബംഗളൂരു, ഹൈദരാബാദ്, ബിഹാറിലെ ഗയ എന്നിവിടങ്ങളിലേക്കും സർവിസുകൾ ഉണ്ട്. മൊത്തം എട്ട് വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഒമാനും ഇന്ത്യക്കുമിടയിൽ പറക്കുക.
വിമാനങ്ങളുടെ സമയക്രമത്തെ കുറിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. എംബസിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്തവരിൽ നിന്ന് അടിയന്തിരമായി പോകേണ്ടവരുടെ മുൻഗണന പട്ടിക തയാറാക്കിയാകും യാത്രക്ക് അവസരം നൽകുക.
ഒന്നാംഘട്ടത്തിൽ ഒമാനിൽ നിന്ന് രണ്ട് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. മെയ് ഒമ്പതിന് കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ 177 മുതിർന്നവരും നാല് കുട്ടികളുമാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ ചെന്നൈക്ക് പോയ രണ്ടാമത്തെ വിമാനത്തിൽ 180 മുതിർന്നവരും മൂന്ന് കുട്ടികളും നാട്ടിലേക്ക് മടങ്ങി.
അംബാസഡർ മുനു മഹാവർ അടക്കം എംബസി ഉദ്യോഗസ്ഥർ യാത്രാ ഒരുക്കങ്ങൾ ക്രമീകരിക്കാൻ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. അടിയന്തിര ചികിത്സ ആവശ്യമുള്ളവരും ഗർഭിണികളും വിസ കാലാവധി കഴിഞ്ഞവരും ജോലി നഷ്ടപ്പെട്ടവരുമടക്കം നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്.
മസ്കത്തിൽനിന്നും സലാലയിലേക്കും കൂടുതൽ സർവിസുകൾ ഏർപ്പെടുത്തുന്നത് വഴി മാത്രമാണ് ദുരിതം പരിഹരിക്കാൻ സാധിക്കുകയുള്ളൂവെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ മസ്കത്തിലും സമീപ ഗവർണറേറ്റുകളിലും സലാലയിലും എംബസിയിൽ നിന്നുള്ള വിളി കാത്തിരിക്കുന്നവരുടെ കാത്തിരിപ്പ് നീളാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
