39 വർഷത്തെ നിറഞ്ഞ ഒാർമകൾ; ചിന്നൻ സാർ നാട്ടിലേക്ക് മടങ്ങി
text_fieldsചിന്നൻ സാർ
സൂർ: നാല് പതിറ്റാണ്ടോളം നീണ്ട പ്രവാസാനുഭവങ്ങളുമായി ചിന്നൻ സാർ നാട്ടിലേക്ക് മടങ്ങി. പെട്രോ ഡോളറിെൻറ വരവോടെ ഗൾഫ് രാജ്യങ്ങളിലുണ്ടായ മെച്ചപ്പെട്ട തൊഴിൽ സാധ്യത തേടിയുള്ള മലയാളികളുടെ ഭാഗ്യം തേടിയുള്ള യാത്രകൾ ആരംഭിച്ച 80കളിലാണ് കണ്ണൂർ സ്വദേശിയായ ഇദ്ദേഹവും പ്രവാസം ആരംഭിച്ചത്. ലക്ഷ്മണൻ എന്നാണ് പേരെങ്കിലും ചിന്നൻസാർ എന്നാണ് സൂറിലെ പ്രവാസികൾക്കിടയിൽ ഇദ്ദേഹം അറിയപ്പെടുന്നത്.
39 വർഷത്തിനുശേഷം നാടിെൻറ പച്ചപ്പിലേക്ക് മടങ്ങുമ്പോൾ, കഴിഞ്ഞുപോയ വർഷങ്ങളുടെ ഒാർമകൾ ഒരു ഫ്ലാഷ് ബാക് പോലെ ചിന്നൻ സാറിെൻറ മനസ്സിൽ മിന്നി മറിയും. ഇന്നിെൻറ ഒരു സൗകര്യവും ഇല്ലാതിരുന്ന ചെമ്മൺപാതകൾ നിറഞ്ഞ കാലത്തുനിന്ന് എക്സ്പ്രസ് ഹൈവേകളുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനങ്ങളിലും മറ്റുമുള്ള അഭൂതപൂർവമായ വളർച്ചയെക്കുറിച്ച് അഭിമാനത്തോടെയാണ് വാചാലനാവുക. ഒരു കാലത്ത് വേലിയേറ്റത്തിൽ കടൽവെള്ളം നിറയുന്ന സൂർ ടൗണിനെ കുറിച്ചും പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ പെട്ടിക്കടകളെ പറ്റിയുമൊക്കെ സരസമായി സംസാരിക്കും.
തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം സ്വപ്നം കണ്ട് പ്രവാസത്തിെൻറ വേദനകൾ സന്തോഷത്തോടെ ഏറ്റുവാങ്ങിയാർക്ക് വിരഹ നൊമ്പരങ്ങളെ മറികടക്കാനുള്ള നിരവധി കൂട്ടായ്മകൾ ചിന്നൻസാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. 1981ൽ രൂപവത്കൃതമായ കേരള കൾചറൽ സെൻറർ രൂപവത്കരണത്തിൽ നേതൃപരമായ പങ്കാളിത്തം വഹിച്ചിരുന്ന ഇദ്ദേഹത്തിെൻറയും സഹപ്രവർത്തകരുടെയും നേതൃത്വത്തിലാണ് സൂറിൽ നടൻ ജയറാം അടക്കമുള്ളവർ പെങ്കടുത്ത കൊച്ചിൻ കലാഭവെൻറ കലാ പരിപാടികൾ സംഘടിപ്പിച്ചത്. മറ്റൊരവസരത്തിൽ നടി ഉർവശിയെയും സൂറിലെ പ്രവാസി കലാകാരന്മാരെയും പങ്കെടുപ്പിച്ച് സൂറിലെ പഴയ ഓപ്പൺ തിയറ്ററിൽ നടത്തിയ കലാപരിപാടികളും ഇദ്ദേഹം ഒാർക്കുന്നു. ജീവിത തിരക്കുകൾക്കിടയിലും തന്നിലെ കലയെ, പ്രത്യേകിച്ച് സംഗീതത്തെ ഉപാസിച്ച ഇദ്ദേഹം സൂറിലും പരിസത്തുമുള്ള പ്രവാസത്തിെൻറ ഊഷരതയിൽ അവസരങ്ങൾ ലഭിക്കാതെ പോയ ഒട്ടനവധി കലാകാരന്മാരെയാണ് വളർത്തി കൊണ്ടുവന്നത്.
സൂറിലെ പ്രഥമ ഇന്ത്യൻ സോഷ്യൽ ക്ലബ് സ്ഥാപകാംഗം കൂടിയായ ഇദ്ദേഹം ഉൾപ്പെടുന്ന കൂട്ടായ്മയാണ് സൂറിൽ ഇന്ത്യൻ സ്കൂൾ സ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത്. അന്ന് സൂറിൽ വിരലിലെണ്ണാവുന്ന മലയാളി കുടുംബങ്ങൾ മാത്രമാണുണ്ടായിരുന്നത്. വരും തലമുറക്കായി സ്കൂൾ ഉണ്ടാകണമെന്ന ആഗ്രഹത്തിൽ നിന്നാണ് ചർച്ചകൾ ഉണ്ടാകുന്നത്. അന്ന് ചിലർ തടസ്സവാദങ്ങളുന്നയിച്ചിരുന്നെങ്കിലും അവർ പിന്നീട് സ്കൂളിെൻറ വക്താക്കളായതായും ചിന്നൻസാർ പറയുന്നു. തൃശൂർ സ്വദേശി ബക്കർ സാഹിബിെൻറ നേതൃത്വത്തിലാണ് കാര്യങ്ങൾ പുരോഗമിച്ചത്. ഇന്ത്യൻ അംബാസഡറുടെ പിന്തുണയോടെ സൂർ കഹ്റബയിലെ ഒരു വാടക വീട്ടിൽ പരിമിതമായ സൗകര്യത്തോടെ ആരംഭിച്ച സ്കൂൾ പിന്നീട് ബഹ്വാൻ പള്ളിക്കടുത്തുള്ള വാടകവീട്ടിലും ശേഷം സൂർ അൽഈസ്സിലുള്ള വാടക കെട്ടിടത്തിലുമായിരുന്നു പ്രവർത്തിച്ചിരുന്നത്.
ആൽഹരീബ് മാനേജിങ് ഡയറക്ടറായിരുന്ന പരേതനായ എം.എ.കെ. ഷാജഹാെൻറ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇന്നത്തെ വിപുലമായ സൗകര്യങ്ങളുള്ള സ്വന്തമായ കെട്ടിടത്തോടെയുള്ള സ്കൂളിന് പിന്നിൽ പ്രവർത്തിച്ചത്. സ്കൂൾ തുടങ്ങാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഫണ്ടുകൾ സ്വരൂപിച്ചതും മറ്റു കാര്യങ്ങളിൽ സജീവമായി ഇടപെട്ടതും അന്ന് സൂറിൽ ജീവിച്ചിരുന്ന സാധാരണക്കാരിൽ സാധാരണക്കാരായ കൂലി പണിക്കാരായിരുന്നെന്നും ചിന്നാൻ സാർ ഒാർക്കുന്നു.
സിവിൽ എൻജീനിയറായിരുന്ന ഇദ്ദേഹം സൂറിലെ ഒട്ടു മിക്ക കെട്ടിടങ്ങളുടെയും നിർമാണത്തിൽ ജോലിയെന്ന നിലയിൽ പങ്കാളിയായിട്ടുണ്ട്. നേരത്തേ മരൂഭൂമിപോലെ കിടന്നിരുന്ന ഇന്ന് ആയിരക്കണക്കിന് വീടുകളുള്ള മുർതാഫയിലും ഏഗാ ഭാഗമുൾപ്പെടെയുള്ള സ്ഥലങ്ങളിലുമൊക്കെ ആദ്യമായി വീടുണ്ടാക്കിയത് ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ്.
ചിന്നൻ സാർ ഒരുപേക്ഷ പുതുതലമുറ പ്രവാസിക്ക് അത്ര പരിചിതനായിരിക്കില്ല. ജനസേവന പ്രവർത്തങ്ങളിൽ രാഷ്ട്രീയമായും അല്ലാതെയുമുള്ള വ്യക്തി താൽപര്യങ്ങളും സ്വാർഥതയും മേധാവിത്വം സ്ഥാപിച്ചപ്പോൾ താൻ പതുക്കെ പിന്മാറിയതാകാം ഇതിന് കാരണമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.വിശ്രമജീവിതം പല കാരണങ്ങളാൽ മുടങ്ങിപ്പോയ സംഗീത സപര്യക്കായി സമരിപ്പിക്കണമെന്നും വയലിൻ നിർമാണത്തിലും റിപ്പയറിങ്ങിലും മറ്റുമുള്ള പ്രാവീണ്യം കലാ ജീവിതത്തിൽ മുതൽക്കൂട്ടാക്കണമെന്നുമാണ് ആഗ്രഹം.
കോവിഡ് പ്രശ്നമായതിനാൽ ചിന്നൻ സാറിനെപോലുള്ള പഴയകാല പ്രവാസികൾക്ക് പ്രൗഢഗംഭീരമായ യാത്രയപ്പ് കൊടുക്കാൻ കഴിയാത്തതിൽ അതിയായ ഖേദമുണ്ടെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഹസ്ബുള്ള ഹാജി പറഞ്ഞു.സേവനസന്നദ്ധരായ പൂർവികരുടെ നിസ്വാർഥ സേവനപാത മുൻനിർത്തി വരുംതലമുറക്കായി നമ്മളും എന്തെങ്കിലും ചെയ്തുവെക്കേണ്ടതുണ്ടെന്നും ഹസ്ബുള്ള ഹാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

