റോയൽ ആശുപത്രിയുടെ സഹകരണം; ഖസബ് ആശുപത്രിയിൽ നടത്തിയത് 35 പ്രത്യേക ശസ്ത്രക്രിയകൾ
text_fieldsഖസബ് ആശുപത്രിയിലെ മെഡിക്കൽ സംഘം
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ഖസബ് ആശുപത്രിയും റോയൽ ആശുപത്രിയും തമ്മിലുള്ള സഹകരണം തുടരുന്നു. കഴിഞ്ഞ വർഷം മേയ് മുതൽ ഈ വർഷം മേയ് വരെ റോയൽ ആശുപത്രിയിലെ മെഡിക്കൽ സംഘം ഖസബ് ആശുപത്രിയിൽ 35 പ്രത്യേക ശസ്ത്രക്രിയകൾ വിജയകരമായി നടത്തി.
വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന പൗരന്മാർക്ക് മെഡിക്കൽ വൈദഗ്ധ്യം കൈമാറുന്നതിനും ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും പ്രാദേശിക ജീവനക്കാരുടെ കഴിവ് വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണിത്.
ഖസബ് ആശുപത്രിയുടെ സാങ്കേതിക, ഉപകരണ ആവശ്യകതകൾ വിലയിരുത്തുന്നതിനുള്ള ഫീൽഡ് സന്ദർശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് ഉയർന്ന നിലവാരമുള്ള മെഡിക്കൽ സേവനത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി പ്രാദേശിക മെഡിക്കൽ ജീവനക്കാർക്ക് പരിശീലനവും യോഗ്യതാ ഘട്ടവും ഉണ്ടായിരുന്നു. കൂടാതെ, ശസ്ത്രക്രിയാ ഉപകരണങ്ങൾ നൽകുകയും അന്താരാഷ്ട്ര മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഓപ്പറേറ്റിങ് റൂം മെച്ചപ്പെടുത്തുകയും ചെയ്തു.
മുസന്ദം ഗവർണറേറ്റിലെ പൗരന്മാർക്ക് സ്പെഷലൈസ്ഡ് ഹെൽത്ത് സേവനങ്ങൾ കൂടുതൽ അടുപ്പിക്കുക, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും യാത്രാ, ചികിത്സാ ചെലവുകൾ കുറക്കുക, പ്രാദേശിക ആശുപത്രിയുടെ കാര്യക്ഷമത വർധിപ്പിക്കുക, സ്പെഷ്യലൈസ്ഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരെ യോഗ്യരാക്കുക, ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ ആരോഗ്യ തുല്യതയുടെയും വികേന്ദ്രീകരണത്തിന്റെയും തത്ത്വങ്ങൾ സ്ഥാപിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സ്ഥാപനങ്ങളെ സംയോജിപ്പിക്കുന്നതിനും റഫറൽ ആശുപത്രികൾക്കും പെരിഫറൽ ആശുപത്രികൾക്കും ഇടയിൽ സംയുക്ത പ്രവർത്തനം വികസിപ്പിക്കുന്നതിനുമുള്ള തന്ത്രത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് ഈ സഹകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

