തെക്കൻ ബാത്തിനയിൽ 32 മാതൃകാ ഫാമുകൾ നിർമിക്കും
text_fieldsമസ്കത്ത്: ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനായി തെക്കൻ ബാത്തിന ഗവർണറേറ്റിൽ പത്തു ലക്ഷം റിയാലിന്റെ 32 മാതൃകാ ഫാമുകൾ സ്ഥാപിക്കാൻ സഹദയവുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം.
ആധുനിക ജലസേചന സംവിധാനങ്ങൾ, അനുയോജ്യമായ വിളകളുടെ കൃഷി, ഫാമുകൾ സ്ഥാപിക്കുന്നതിന് ഫലപ്രദമായ ഹോർട്ടികൾചറൽ രീതികൾ എന്നിവയുൾപ്പെടുന്ന സംയോജിത പാക്കേജ് മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്.
ഈ മാതൃകാ ഫാമുകൾ സ്ഥാപിക്കുന്നതിന് ബഹുമുഖ ലക്ഷ്യങ്ങളാണുള്ളതെന്ന് ഗവർണറേറ്റിലെ അഗ്രികൾച്ചർ, ഫിഷറീസ്, ജലവിഭവ ഡയറക്ടർ ജനറൽ അമർ ബിൻ ഹുമൈദ് അൽ ഷിബ്ലി പറഞ്ഞു.
വിവിധ വിളകൾ കൃഷി ചെയ്യുന്നതിനായി ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഈ ഫാമുകൾ പ്രദേശത്തിനുള്ളിലെ ഹരിത പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക വിപണികൾക്ക് വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനും സംഭാവന ചെയ്യും.
അതേസമയം കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള സവിശേഷതകൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി മാമ്പഴവും മുന്തിരിയും ഉൾപ്പെടെ പ്രാദേശിക ഇനങ്ങൾ വളർത്തുന്നതിലും ഫാമുകൾ നിർണായക പങ്കു വഹിക്കും. പാട്ട ക്കാരാറുകളിലൂടെ ഭൂമി ലഭ്യമാക്കുക, ഭൂമിയുടെ അവകാശം നേടുന്നതിനുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, ഫീൽഡ് സന്ദർശനങ്ങളിലൂടെ മാർഗനിർദേശം നൽകുക, വർഷം മുഴുവനും ഉൽപാദന ഘട്ടങ്ങൾക്കായി സമഗ്രമായ ഷെഡ്യൂളുകൾ ക്രമീകരിക്കുക തുടങ്ങിയവ മാതൃക ഫാമുകൾ സ്ഥാപിക്കുന്നതിനായി മന്ത്രാലയം പിന്തുണ നൽകിവരുന്നു.
തെക്കൻ ബാത്തിനയിൽ കൂടുതൽ മാതൃകാ ഫാമുകൾ സ്ഥാപിക്കുന്നതിനായി പത്ത് പുതിയ അപേക്ഷകൾ തത്വീർ പ്ലാറ്റ്ഫോം വഴി ലഭിച്ചിട്ടുണ്ടെന്നും ഷിബ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

